കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ തുടങ്ങി
Sunday, November 23, 2014 6:11 AM IST
ജിദ്ദ: അകാലത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബത്തിനും അത്യാഹിതങ്ങള്‍ സംഭവിക്കുന്ന പ്രവാസികള്‍ക്കും കെഎംസിസി സുരക്ഷ പദ്ധതികള്‍ ഏറെ ആശ്വാസമാകുന്നതായി പാണക്കാട് സയിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റിയുടെയും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതികളുടെ 2015 ലേക്കുള്ള അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിഭാഗം പ്രവാസികള്‍ക്കും ഗള്‍ഫുകാരന്‍ എന്ന പേര് മാത്രമാണുള്ളത്. അധ്വാന പ്രതിഫലങ്ങള്‍ മിച്ചം വയ്ക്കുന്നതിന് പകരം പ്രയാസപ്പെടുന്നവരുടെ സാന്ത്വനത്തിനായാണ് പലരും ചെലവഴിക്കുന്നത്. ഇത് കാരണം പ്രവാസിയുടെ ആകസ്മിക മരണങ്ങള്‍ സംഭവിക്കുമ്പോള്‍ കുടുംബനാഥനൊപ്പം നിത്യചെലവിനുള്ള വഴിയും പ്രവാസി കുടുംബത്തിന് നഷ്ടമാവുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കെഎംസിസി രൂപപ്പെടുത്തിയ ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. മുഴുവന്‍ പ്രവാസികളും കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ ശ്രമിക്കണമെന്നും ബഷീറലി തങ്ങള്‍ പറഞ്ഞു. നാഷണല്‍ കമ്മിറ്റിയുടെ അപേക്ഷ ഫോം യൂസുഫ് ഹാജി പടയും സെന്‍ട്രല്‍ കമ്മിറ്റിയുടെ അപേക്ഷ ഫോം ശുഐബ് പന്തളവും ബഷീറലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി.

ഷറഫിയ ലക്കി ദര്‍ബാറില്‍ ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡ് അഹമ്മദ് പാളയാത്ത് അധ്യക്ഷത വഹിച്ചു. നസീം പുളിക്കല്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ പി.ടി മുഹമ്മദ്, രായിന്‍ കുട്ടി നീറാട്, കെ.വി ഗഫൂര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പി.എം.എ ജലീല്‍, നിസാം മമ്പാട്, എസ്.എ.പി മുഹമ്മദ് കുഞ്ഞ്, സി.കെ.എ റസാഖ് മാസ്റര്‍, നാസര്‍ എടവനക്കാട്, സി.കെ ശാക്കിര്‍, ടി.പി ശുഐബ്, മജീദ് പുകയൂര്‍, പി.കെ അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിമാരായ ഇ.പി ഉബൈദു. സ്വാഗതവും ഇസ്മായില്‍ മുക്കുളം നന്ദിയും പറഞ്ഞു.

നാഷണല്‍ കമ്മിറ്റി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഇസ്മായില്‍ മുക്കുളത്തയും (0532689604), സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പി.എം.എ ജലീലിനെയും (0502648022) ബന്ധപ്പെടാമെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍