വര്‍ഗീയതയും ഫാസിസവും ചെറുക്കാന്‍ ഇടതുപക്ഷത്തിന് ശക്തി പകരണം: റിയാദ് നവോദയ
Sunday, November 23, 2014 6:09 AM IST
റിയാദ്: നരേന്ദ്രമോദിയുടെ ഫാസിസ്റ് ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതും എതിര്‍ക്കുന്നതും സിപിഎം മാത്രമാണെന്നും രാജ്യത്തിന്റെ ചരിത്രംപോലും തിരുത്താന്‍ ശ്രമിക്കുന്ന ഇക്കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഇടതുചേരിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണെന്നും പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു.

സിപിഎം രൂപീകരണത്തിന്റെ 50-ാമത് വാര്‍ഷികാചരണത്തോടനുബന്ധിച്ച് റിയാദ് നവോദയ സംഘടിപ്പിച്ച ചരിത്ര പഠനക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയചന്ദ്രന്‍. ഫാസിസത്തിന്റെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ചും തികച്ചും അജ്ഞരായ രാജ്യത്തെ വലതുപക്ഷം ആര്‍എസ്എസ് അജണ്ടകള്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് ജയന്‍ കുറ്റപ്പെടുത്തി. മോദി എന്ന വ്യക്തിയെ ബിംബവല്‍ക്കരിച്ച് ഒരു സൂപ്പര്‍ ഹീറോയുടെ പരിവേഷം നല്‍കി യഥാര്‍ത്ഥ രാഷ്ട്രീയ വിഷയങ്ങളെ തമസ്കരിച്ച് ഉപരിപ്ളവമായ ചര്‍ച്ചകളില്‍ തളച്ചിടുന്നതില്‍ ബിജെപി വിജയിക്കുകയും വലതുപാര്‍ട്ടികള്‍ അതിന് പശ്ചാത്തലം ഒരുക്കുകയും ചെയ്തതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിനുശേഷവും നാം കാണുന്നത്. മൌനിയും ദുര്‍ബലനുമായ മന്‍മോഹന്‍സിംഗ് വേണോ ശക്തനായ മോദി വേണോ എന്ന രീതിയില്‍ ഒരു അമര്‍ചിത്ര കഥയുടെ നിലവാരത്തിലേക്ക് രാഷ്ട്രീയത്തെ ബോധപൂര്‍വം ഫാസിസ്റ് ശക്തികള്‍ കൊണ്ട് ചെന്നെത്തിക്കുകയും അത് തിരിച്ചറിയപ്പെടാതെ പോകുകയുമായിരുന്നു.

തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപിയെ ചെറുക്കേണ്ടത് മതേതരത്വവും സാഹോദര്യവും സമൂഹത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണെന്നും ജയചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ബി.ജെ.പിയുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അടിമുടി അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരാണുള്ളതെല്ലും ജയന്‍ ചൂണ്ടികാട്ടി.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 1920ലെ രൂപീകരണം മുതലുള്ള ചരിത്രത്തിലെ നാള്‍വഴികളെക്കുറിച്ചും സിപിഎം പാര്‍ട്ടി പരിപാടിയെക്കുറിച്ചും കുമ്മിള്‍ സുധീര്‍ ക്ളാസെടുത്തു. സിപിഎമ്മിന്റെ രൂപീകരണം രാഷ്ട്രീയ അനിവാര്യതയായിരുന്നെന്നും പിന്നീടുള്ള ചരിത്രം അത് ശരിവെച്ചുവെന്നും സുധീര്‍ വിശദീകരിച്ചു.

വോട്ടേഴ്സ് ലിസ്റ്റില്‍ ഓണ്‍ലൈന്‍ വഴി പേര് ചേര്‍ക്കുന്ന വിധം സദസില്‍ വിവരിച്ച രതീഷ് സംഘടനയുടെ യൂണിറ്റുകള്‍ വഴി പരമാവധി മലയാളികളുടെ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനം നവംബര്‍ 25ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.

രതീഷ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് പൂക്കോയ തങ്ങള്‍ പ്രവര്‍ത്തകരുടെ സംഘടനാ ചുമതലകളെ സംബന്ധിച്ചും വിവരിച്ചു. ജയകുമാര്‍ അടുത്തകാലത്ത് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ബാലകൃഷ്ണന്‍ സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍