സണ്‍ഡേ സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
Sunday, November 23, 2014 6:07 AM IST
കുവൈറ്റ് : മലങ്കര സഭയുടെ സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം ആരംഭിച്ചതിന്റെ 350-ാമത് വാര്‍ഷികവും ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയഷന്റെ 50-ാമത് വാര്‍ഷികവും കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേ സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെയും ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ നിര്‍വഹിച്ചു.

നവംബര്‍ 21 ന് (വെള്ളി) ഹവല്ലി അല്‍-ജീല്‍ അല്‍-ജദീദ് സ്കൂളില്‍ സംഘടിപ്പിച്ച സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിന്റെ പ്രൌഡഗംഭീരമായ സദസില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തെവോദോസിയോസ് മെത്രാപോലീത്താ അധ്യക്ഷത വഹിച്ചു. മഹാഇടവക വികാരി റവ. ഫാ. രാജു തോമസ് സ്വാഗതവും ആദ്യഫലപ്പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സണ്‍ഡേ സ്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകമായി തയാറാക്കിയ പതാക സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ്, സുവര്‍ണജൂബിലി കണ്‍വീനര്‍ പി.സി. ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങുകയും മാര്‍ തെവോദോസിയോസ് മെത്രാപോലീത്താ പതാക ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിക്കുകയും, തുടര്‍ന്ന് പ്രത്യേകമായി തയാറാക്കി ചിട്ടപ്പെടുത്തിയ സുവര്‍ണ ജൂബിലി ഗാനം സണ്‍ഡേ സ്കൂള്‍ ഗായകസംഘം ആലപിക്കുകയും ചെയ്തു. സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനും മെഡലിയന്‍ പ്രകാശനം മാര്‍ തെവോദോസിയോസും നിര്‍വഹിച്ചു. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പ്രതിനിധികള്‍, വിവിധ ഇടവകകളിലെ വികാരിമാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1964-ല്‍ സ്ഥാപിതമായ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേ സ്കൂള്‍ അമ്പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 1350 കുട്ടികളും 135 അധ്യാപകരും ഉള്‍പ്പെടുന്ന മലങ്കരസഭയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളെന്ന നിലയില്‍, ആഘോഷങ്ങളോടനുബന്ധിച്ച് വിവിധങ്ങളായ കര്‍മ്മപരിപാടികളും പദ്ധതികളും തയാറാക്കി വരുന്നു.

കുവൈറ്റിലെ നാല് ഓര്‍ത്തഡോക്സ് ഇടവകകളിലെ സണ്‍ഡേ സ്കൂള്‍ അധ്യപകര്‍ക്കുള്ള പരിശീലനപരിപാടികള്‍, വിവിധയിനം മത്സരങ്ങള്‍, സണ്‍ഡേ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ രൂപീകരണവും സംഗമവും 25 വര്‍ഷത്തി ല്‍ അധികമായി അധ്യാപനം നടത്തുന്ന അധ്യാപകര്‍, പ്രധാന അധ്യപകര്‍ എന്നിവരെ ആദരിക്കല്‍, സഭയുടെ സണ്‍ഡേ സ്കൂളുകളുടെ 350 വര്‍ഷത്തെ ചരിത്രവും കുവൈറ്റ് സണ്‍ഡേ സ്കൂളിന്റെ 50 വര്‍ഷത്തെ മുഖ്യസംഭവങ്ങളും ഉള്‍പ്പെടുത്തി ഒരു റഫറന്‍സ് ബൂക്ക് തയാറാക്കല്‍, കൂടാതെ സണ്‍ഡേ സ്കൂള്‍ പഠനത്തിനുതകുന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍, സാധുക്കളായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, എന്നിങ്ങനെ നിരവധി പദ്ധതികള്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്കരിച്ചു വരുന്നു.

2015 ഒക്ടോബറില്‍ നടക്കുന്ന സുവര്‍ണജൂബിലി സമാപന സമ്മേളനത്തില്‍ മലങ്കര സൂറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇടവകവികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍, പി.സി. ജോര്‍ജ് ജനറല്‍ കണ്‍വീനറായും ലാലു ജേക്കബ് ജോ. ജനറല്‍ കണ്‍വീനറായും പതിനഞ്ചോളം വിവിധങ്ങളായ കമ്മിറ്റികള്‍ പരിപാടികളുടെ നടത്തിപ്പുകള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു.