പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം 'പൊന്നാനി സംഗമം' സംഘടിപ്പിച്ചു
Saturday, November 22, 2014 8:42 AM IST
അബുദാബി: ജീവിതം വിവേകത്തോടെ ക്രമപ്പെടുത്താന്‍ പ്രവാസികള്‍ തയാറാകണമെന്നും സാമൂഹ്യസേവനം ഫലപ്രദമാകാന്‍ ഇത് അനിവാര്യമാണെന്നും സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മാമൂലുകള്‍ക്കും അനാചാരങ്ങള്‍ക്കുംവേണ്ടി സമ്പത്ത് വിനിയോഗിക്കുന്നതില്‍നിന്നും നാം മാറിനിന്നില്ലെങ്കില്‍ ദുരിതപൂര്‍ണ ജീവിതമേ അവശേഷിക്കൂവെന്നും പ്രമുഖ വാഗ്മി ചേരൂര്‍ അബ്ദുള്ള മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു.

പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം അബുദാബി ഘടകം മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പൊന്നാനി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പിസിഡബ്ള്യുഎഫ് അബുദാബി ഘടകം പ്രസിഡന്റ് അബ്ദുറഷീദ് ഹാജി അധ്യക്ഷത വഹിച്ചു. പത്ര പ്രവര്‍ത്തകന്‍ റസാക്ക് ഒരുമനയൂര്‍ ഉദ്ഘാടനം ചെയ്തു. സി.എസ് പൊന്നാനി, ഡോ. അബ്ദുറഹ്മാന്‍ കുട്ടി, ഒ.ഒ. കുഞ്ഞി മുഹമ്മദ് മുസ് ലിയാര്‍, പി.വി ഉമര്‍, വി. അബ്ദുസമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ. ഖല്‍ഫാന്‍ വാര്‍ഷിക റിപ്പോര്‍ട്ടും സക്കീര്‍ കണക്കും അവതരിപ്പിച്ചു. ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എ.യു ഹനീഫയേയും പ്രവര്‍ത്തക സമിതിയിലേക്ക് എ.വി ബാദുഷ, പി.വി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു. കെ.എം മുഹമ്മദ് അലി സ്വാഗതവും എ.കെ മുസ്തഫ നന്ദിയും പറഞ്ഞു.