കെഎസ്സി ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: കണ്ണൂര്‍ കെഎംസിസി ജേതാക്കള്‍
Wednesday, November 19, 2014 10:12 AM IST
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടന്ന ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കണ്ണൂര്‍ കെഎംസിസി ടീം ജേതാക്കളായി.

സിക്സ് റണ്‍സ്, എല്‍ബിഡബ്ള്യു, ലെഗ് ബൈ എന്നിവ ഒഴിവാക്കികൊണ്ട് മൂന്ന് ഓവറുകളിലായി നടന്ന ഗ്രൌണ്ട് ഷോട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ നിന്ന് സെമിഫൈനലിലെത്തിയ ടീം ഓഫ് അക്കിബത്തിനെ പരാജയപ്പെടുത്തി കണ്ണൂര്‍ കെഎംസിസിയും എന്‍ബി സ്പോര്‍ട്ടിംഗിനെ പരാജയപ്പെടു അല്‍ സബീലും ഫൈനലിലെത്തി.

തുടര്‍ന്നു നടന്ന വാശിയേറിയ പോരാട്ടത്തിലൂടെ അല്‍ സബീലിനെതിരെ 28 റണ്‍സില്‍ മുഴുവന്‍ വിക്കറ്റും നേടിക്കൊണ്ടാണ് കണ്ണൂര്‍ കെഎംസിസി വിജയകിരീടം ഉറപ്പിച്ചത്.

കണ്ണൂര്‍ കെഎംസിസിയിലെ യാസീദിനെ മികച്ച ബൌളറായും ഷായിദിനെ മികച്ച ഫീല്‍ഡറായും ഷുഐബിനെ മാന്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു. അല്‍ സബീലിലെ റൌഫിനെ മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുത്തു.

സമാപനത്തില്‍ പ്രമുഖ കായികതാരം ഒളിമ്പ്യന്‍ ഷൈനി വിത്സന്‍ മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുള്ള കിരീടവും മെഡലുകളും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഇഖ്ബാല്‍ (എംഡി അല്‍ സബീല്‍ ഇലക്ട്രിക്കല്‍സ്), ഫൈസല്‍ കാരാട്ട് (എംഡി, റജബ് എക്സ്പ്രസ്), വിജയരാഘവന്‍ (കലാവിഭാഗം സെക്രട്ടറി, അബുദാബി മലയാളി സമാജം), ടി.എ. നാസര്‍ (രക്ഷാധികാരി, ഫ്രന്റ്സ് എഡിഎം എസ്) എന്നിവരും മറ്റു കെഎസ്സി ഭാരവാഹികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള