കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കി
Wednesday, November 19, 2014 8:44 AM IST
കുവൈറ്റ് : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് ഗാരന്റിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രാദേശിക പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണ് നാട്ടില്‍ നിന്നും കുവൈറ്റിലേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചത്.

2500 യുഎസ് ഡോളറോ അല്ലെങ്കില്‍ തത്തുല്യമായ 720 കുവൈറ്റ് ദിനാറിന്റെ ബാങ്ക് ഗാരന്റി തൊഴിലുടമ നല്‍കിയാല്‍ മാത്രമേ സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും മന്ത്രാലയങ്ങള്‍ തമ്മില്‍ 2007ല്‍ നടന്ന ചര്‍ച്ചയുടെ ഫലമായാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

സൌദി അറേബ്യ, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും വീട്ടുജോലിക്കായി എത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍