വിഷന്‍ 2030: ഭാവി തലമുറയുമായുള്ള സംവാദം ആവേശകരമായി
Wednesday, November 19, 2014 8:44 AM IST
റിയാദ്: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്‍ ഡോ. അബ്ദുസലാമുമായുള്ള സംവാദം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ ബാഹുല്യം കൊണ്ടും ചോദ്യങ്ങളിലെ ഉയര്‍ന്ന നിലവാരം കൊണ്ടും ശ്രദ്ധേയമായി.

'വിഷന്‍ 2030 നാളെയുടെ നേതാക്കളുമായുള്ള സംവാദം' എന്ന വിഷയത്തില്‍ മര്‍ക്കസ് അലൂമ്നി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു. റിയാദിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഭാവി ഇന്ത്യയെ കുറിച്ചുള്ള ഉയര്‍ന്നതും ക്രിയാത്മകവുമായുള്ള കാഴ്ച്ചപ്പാടിനെ അദ്ദേഹം പ്രശംസിച്ചു.

അഴിമതി വാഴുന്ന ഇന്നത്തെ സാഹചര്യത്തില്‍ 'വികസിത ഇന്ത്യ' എന്ന സ്വപ്നം യാഥാര്‍ഥ്യമാണോ എന്ന ചോദ്യത്തിന്, നാളെയുടെ ഇന്ത്യയെ നയിക്കേണ്ടത് നിങ്ങളാണെന്നും നിങ്ങള്‍ ഓരോരുത്തരും താന്‍ അഴിമതി നടത്തില്ലെന്ന് തീരുമാനിച്ചാല്‍ അത് സാധ്യമാണെന്നും അദ്ദേഹം ഉത്തരം നല്‍കി. ആശങ്കകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേണ്ടി സമയം കളയുന്നതിനു പകരും നല്ലപ്രതീക്ഷകളും ക്രിയാത്മകതയുമാണ് ലോകത്തെ മുന്നോട്ടു നയിക്കുക എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഏറെ മുന്നേറിയ നമുക്ക് ഈ മുന്നേറ്റം നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്യ്രവും അകറ്റാന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നു ഒരു കൊച്ചു മിടുക്കിയുടെ ചോദ്യം. വയറുകള്‍ ആവശ്യമില്ലാത്ത ഇലക്ട്രിസിറ്റിയുടെ സാധ്യതകള്‍ ആരായുന്നതായിരുന്നു മറ്റൊരു ആകര്‍ഷണീയ ചോദ്യം.

ഏറ്റവും നല്ല ചോദ്യത്തിനുള്ള അവാര്‍ഡ് പെണ്‍കുട്ടികളില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ റായിദ ആയിഷ സ്വന്തമാക്കിയപ്പോള്‍, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍യാസ്മീന്‍ സ്കൂളിന്റെ മുഹമ്മദ് അബ്ദുള്‍ രഖീബും, സേവാ സ്കൂളിന്റെ ആസാദ് അഫ്താബ് ആലമും പങ്കുവച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൌക്കത്ത് പര്‍വേസ്, അലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍, മര്‍കസ് റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ശരീഫ് പുത്തന്‍പള്ളി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഹൈദര്‍ അലി ഉദ്ഘാടനം ചെയ്തു. നിയാസ് ഉമ്മര്‍ ഡോ. അബ്ദുസലാമിനെ സദസിനു പരിചയപ്പെടുത്തി. സിബിഎസ്സി ഗള്‍ഫ് കൌണ്‍സില്‍ സൌദി ചാപ്റ്റര്‍ കണ്‍വീനറും അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിസിപ്പലുമായ കെ. റഹ്മത്തുള്ള ഡോ. അബ്ദുസലാമിനെ മര്‍കസ് അലൂമ്നിയുടെ മൊമെന്റോ നല്‍കി ആദരിച്ചു.

വിദ്യാഭ്യാസ സാമൂഹിക മാധ്യമ രംഗത്തെ വിഷിഷ്ട്ട വ്യക്തികള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ പരിപാടിയില്‍ മര്‍ക്കസ് അലൂമ്നി റിയാദ് ചാപ്റ്റര്‍ സെക്രട്ടറി ഡോ. അബ്ദുസലാം സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ വെളിമണ്ണ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍