യൂത്ത് ഇന്ത്യയുടെ നാടകം 'കാവല്‍ പൂച്ച' അരങ്ങേറ്റം കുറിച്ചു
Wednesday, November 19, 2014 8:41 AM IST
ദമാം: നേരും നന്മയും കൈമോശം വന്നു കൊണ്ടിരിക്കുന്ന സമകാലിക കേരളീയ തലമുറയുടെ അവസ്ഥാന്തരങ്ങളെ അപഗ്രഥിക്കുന്ന, ചിന്തയെ തൊട്ടുണര്‍ത്തുന്ന, യൂത്ത് ഇന്ത്യ ദമാം ഘടകം അണിയിച്ചൊരുക്കിയ നാടകം 'കാവല്‍ പൂച്ച' ശ്രദ്ധേയമാകുന്നു.

'കാലത്തിന്റെ വെളിച്ചമാവുക' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ അഖില സൌദി തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുള്ള പ്രസ്തുത നാടകം ദമ്മാം പാം റെസ്റില്‍ കന്നി പ്രദര്‍ശനം നടത്തി.

മൂല്യവത്തായ കാഴ്ച്ചപ്പാടുള്‍ക്കൊണ്ട്, സമൂഹനന്മക്കു വേണ്ടി ശബ്ദിച്ചിരുന്ന യുവത്വം ഇന്ന് നിഷ്ക്രിയരായിരിക്കുന്നുവെന്ന് ആകുലപ്പെട്ടുകൊണ്ട് തുടങ്ങുന്ന നാടകം സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്ക് മുമ്പില്‍ നടക്കേണ്ട യുവാക്കളെ, അവരുടെ അന്യം നിന്ന് പോയ വിപ്ളവവീര്യത്തെയും ലക്ഷ്യബോധത്തെയും ഓര്‍മപ്പെടുത്തുന്നു.

സമൂഹത്തിലെ സുപ്രധാന നെടുംതൂണുകളായ ഭരണവര്‍ഗത്തെയും നിയമപാലകരെയും പൌരോഹിത്യത്തെയും പ്രതീകാത്മകായി ചിത്രീകരിക്കുന്ന നാടകത്തില്‍ ദല്ലാളിന്റെ റോളില്‍ തട്ടാനും രംഗത്തെന്നുണ്ട്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ സ്വജനപക്ഷപാതവും അഴിമതിയും കൂട്ടുപിടിക്കുന്നതിനെയും നിയമപാലകര്‍ ഭരണകൂടത്തിന്റെ ചട്ടുകങ്ങളാവുന്നതിനെയും തിന്മകള്‍ക്കെതിരെ പ്രതികരിക്കേണ്ട പൌരോഹിത്യത്തിന്റെ കുറ്റകരമായ നിശബ്ദതയും നര്‍മത്തിന്റെ മേമ്പൊടിയില്‍ പരിഹാസോക്തി കലര്‍ത്തി തുറന്നു കാണിക്കുന്നുണ്ട്.

ഒരു പൌരനെന്ന നിലയില്‍ തന്റെ ശക്തി തിരിച്ചറിഞ്ഞ് തിന്മക്കെതിരെ നന്മയുടെ മുന്നേറ്റത്തില്‍ അണിചേരണമെന്ന ആഹ്വാനത്തോടെ നന്മയുടെയും നേരിന്റെയും കാവല്‍ ഭടനായി പ്രധാന വേഷത്തില്‍ കാവല്‍ പൂച്ച സദസിന്റെ ശ്രദ്ധാ കേന്ദ്രമായി രംഗം കൈയടക്കുന്നു. പിന്നീട് വിപ്ളവവീര്യം വീണ്െടടുത്ത് കര്‍മ നിരതരാകുന്ന ജനക്കൂട്ടം, സ്വാര്‍ഥരായ ചൂഷക വര്‍ഗങ്ങളെ പ്രതീകാത്മകമായി ജനകീയ വിചാരണ നടത്തുകയും നന്മ നിറഞ്ഞ നാളേക്കായി ഒത്തൊരുമിച്ച് കൈകോര്‍ക്കാമെന്ന ശുഭ പ്രതീക്ഷയോടെയുമാണ് നാടകത്തിന് തിരശീല വീഴുന്നത്.

സയീദ് അത്തോളി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന നാടകത്തില്‍ അലി മുഹ്സിന്‍, അനസ്, അര്‍ഷദ്, അശീല്‍, ഹാരിസ്, കബീര്‍, മുഹ്സിന്‍, റൌഫ്, സഗീര്‍, സനൂബ് എന്നിവര്‍ വേഷമിട്ടിരിക്കുന്നു. നവംബര്‍, ഡിസംബര്‍ കാമ്പയിന്‍ കാലയളവില്‍ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം