ഒമാന്‍ ദേശീയ ദിനം കൊണ്ടാടി
Wednesday, November 19, 2014 6:06 AM IST
മസ്കറ്റ്: ഒമാന്‍ നാല്‍പ്പത്തി നാലാമത് ദേശീയദിനം ആഘോഷിച്ചു. ഒമാന്റെ ക്രാന്ത ദര്‍ശിയായ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായ്യിദിന്റെ ജന്മദിനമാണ് ദേശീയ ദിനമായി കൊണ്ടാടുന്നത്. പ്രിയപ്പെട്ട ഭരണാധികാരിയുടെ സാന്നിധ്യമില്ലാത്ത ദേശീയദിനം എന്ന പ്രത്യേകത ഈ വര്‍ഷമുണ്ട്. സുല്‍ത്താന്‍ രാജ്യത്തില്ലാത്തത് കൊണ്ട് സായുധസേന പരേഡ് ഉള്‍പ്പെടെ
ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഹാരി രാജകുമാരാന്‍ ഒമാന്റെ ഔദ്യോഗിക അഥിതിയായി ബ്രിട്ടണില്‍ നിന്നെത്തിയിരുന്നു. സാംസ്കാരിക മന്ത്രി ഹൈത്തം ബിന്‍ താരിഖ് അല്‍ സൈദ് റോയല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ജര്‍മനിയില്‍ ചികില്‍സയിലിരിക്കുന്ന ഒമാന്‍ ഭരണാധികാരി ഏതാനും ദിവസങ്ങള്‍ മുന്‍പ് ഒമാന്‍ ടി.വിയിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നത്. ഒമാന്‍ പൌെരന്മാര്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സുല്‍ത്താന്‍ ഖാബൂസിന്റെ സാന്ന്യധ്യമില്ലെങ്കില്‍ കൂടി അത്യാവേശത്തോടെയാണ് ജനങ്ങള്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള റാലികളിലും മറ്റും പങ്കെടുത്തത്. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍, പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ സുല്‍ത്താന്റെ പടങ്ങള്‍ കൊണ്ടും ഒമാന്റെ ദേശീയ പതാകകള്‍ ഉപയോഗിച്ചും അലങ്കരിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലും റാലികള്‍ സംഘടിപ്പിച്ചിരുന്നു.

സുല്‍ത്താന്റെ ആരോഗ്യത്തിനും രോഗ സൌഖ്യത്തിനുമായി വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ ദീപാലംകൃതമാണ്. തലസ്ഥാനമായ മസ്ക്കറ്റിലെ റോയല്‍ ഒപ്പറ ഹൌസിന്റെ രാത്രി ചിത്രമാണ് വാര്‍ത്തക്കൊപ്പമുള്ളത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം