തനിമ പേരന്റിംഗ് പ്രോഗ്രാം നടത്തി
Tuesday, November 18, 2014 7:17 AM IST
ദമാം: വിവിധ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചു കൊണ്ട് തനിമയുടെ നേതൃത്വത്തില്‍ പേരന്റിംഗ് പരിപാടി നടത്തി. ദല്ല പാം റെസ്റില്‍ നടന്ന പരിപാടിയില്‍ സി.കെ റഷീദ് ഉമര്‍ ആണ് സംസാരിച്ചത്.

കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ കൈക്കൊള്ളേണ്ട വ്യത്യസ്ത സമീപനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. വീട്ടില്‍ കൂടിയാലോചനാടിസ്ഥാനത്തില്‍ ഗൃഹ യോഗം നടത്തുക, കുട്ടികളുടെ വിവിധ കഴിവുകളെ ഉള്‍ക്കൊള്ളിച്ച് ഡാറ്റാ ഷീറ്റ് നിര്‍മ്മിച്ച് വിലയിരുത്തുക, വിട്ടു താമസിക്കുന്ന കുട്ടികളുമായി ഇമെയില്‍ ബന്ധം നിലനിര്‍ത്തുക, അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക, അവരുടെ അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തുക, അവരുടെ കൂട്ടുകാരേ അറിയുക, കംപ്യൂട്ടറിന്റെയും ടിവിയുടെയും വിഷയത്തില്‍ നിലപാടുകള്‍ സൃഷ്ടിക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

കുട്ടികളുടെ കഴിവുകളെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടത്തുകയും അവലോകനം ചെയ്യുകയും ചെയ്തു. തനിമ സോണല്‍ പ്രസിഡന്റ് പി.എം അബ്ദുള്‍ റഹ്മാന്‍, അസ്കര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം