ചാച്ചാ നെഹ്റുവിന്റെ സ്മരണ പുതുക്കി ആല്‍ബനി മലയാളി അസോസിയേഷന്റെ ശിശുദിനാഘോഷം
Tuesday, November 18, 2014 6:19 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ലോകമൊട്ടാകെയുള്ള ഭാരതീയര്‍ ആഘോഷിച്ച വേളയില്‍ ആല്‍ബനി മലയാളികളും അതില്‍ പങ്കാളികളായി.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ യുവജന വിഭാഗമായ 'മയൂരം' (മലയാളി യുവരംഗം) ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മദിനം ആല്‍ബനിയിലെ മലയാളി കുട്ടികളും ആഘോഷമാക്കി.

നവംബര്‍ 15 ശനിയാഴ്ചയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷം സംഘടനയില്‍ വരുത്തിയ ചില മാറ്റങ്ങളുടെ പ്രതിഫലനമായിരുന്നു ആദ്യമായി ശിശുദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു ആരായിരുന്നു എന്നും, എന്തുകൊണ്ടാണ് ആ മഹാനുഭവന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നതെന്നും കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, നെഹ്റുവിനെക്കുറിച്ചും അമല്‍ തോമസ് വിശദീകരിച്ചു. തുടര്‍ന്ന് ക്വിസ് മത്സരം, ചിത്രരചനാ മത്സരം, രങ്കോളി, ലെഗോ ബില്‍ഡിംഗ് മത്സരം, പ്രഛന്ന വേഷ മത്സരം, ഡാന്‍സ് ഗെയിം മത്സരങ്ങള്‍, മാജിക് ഷോ എന്നിവ കുട്ടികള്‍ക്ക് ആഹ്ളാദം പകര്‍ന്നു. ദിവ്യാ സണ്ണിയായിരുന്നു എം.സി.

പരിപാടിയോടനുബന്ധിച്ച് ഡോ. സുനിത സുകുമാരന്‍, എം.ഡി. (ങലറശരമഹ ഛിരീഹീഴ്യ മിറ ഒലാമീഹീഴ്യ, ചഥഛഒ ഇമിരലൃ ഇലിലൃേ) എബോള വൈറസിനെക്കുറിച്ച് ബോധവത്ക്കരണം നടത്തി.

ഏറെ പുതുമകള്‍ നിറഞ്ഞ ഈ പരിപാടി ആദ്യമായി സംഘടിപ്പിച്ച മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്ക് കുട്ടികളെല്ലാവരും നന്ദി പറഞ്ഞു. ഇതുപോലുള്ള വിവിധതരം പരിപാടികള്‍ സംഘടിപ്പിച്ച് പുതുതലമുറയ്ക്ക് തങ്ങളുടെ മാതൃരാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിവ് പകര്‍ന്നുകൊടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ജയേഷ് തളിയക്കാട്ടില്‍ തന്റെ നന്ദിപ്രകടനത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ