ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയായില്‍
Tuesday, November 18, 2014 6:18 AM IST
ഫിലാഡല്‍ഫിയ: അഭ്യൂഹങ്ങള്‍ക്കും, ആകാംക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ട് ഇതാ സദ്വാര്‍ത്ത. ജാതിമതഭേദമെന്യേ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പോപ്പ് ഫ്രാന്‍സിസ് 2015 സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയായിലെത്തുന്നു. 35 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് പത്രോസിന്റെ പിന്‍ഗാമിയും, ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ തലവനും, റോമിന്റെ മെത്രാനുമായ ഒരു മാര്‍പ്പാപ്പ ഫിലാഡല്‍ഫിയാ സന്ദര്‍ശിക്കുന്നത്. 1979 ഒക്ടോബര്‍ മൂന്നിന് തന്റെ മുന്‍ഗാമിയും, വിശ്വതീര്‍ത്ഥാടകനുമായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ദിവ്യബലിയര്‍പ്പിച്ച അതേ വേദിയില്‍തന്നെ 2015 സെപ്റ്റംബര്‍ 27-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ദിവ്യബലിയര്‍പ്പിക്കും.

അടുത്തവര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന എട്ടാമത് ആഗോള കുടുംബസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഫിലാഡല്‍ഫിയായില്‍ എത്തുന്നത്. ഫിലാഡല്‍ഫിയ ആര്‍ച്ച്ബിഷപ് അഭിവന്ദ്യ ചാള്‍സ് ഷപ്യുവിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വേനിയാ ഗവര്‍ണര്‍ ടോം കോര്‍ബറ്റ്, മേയര്‍ മൈക്കിള്‍ നട്ടര്‍, പ്രമുഖ ബിസിനസ് നേതാക്കള്‍, വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാരപ്രതിനിധിസംഘം 2014 മാര്‍ച്ച് 24-ന് റോമിലെത്തി ഫിലാഡല്‍ഫിയ സന്ദര്‍ശിക്കുന്നതിനായി മാര്‍പാപ്പായെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

കുടുംബശിഥിലീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ റോമില്‍ നടന്ന അസാധാരണ സിനഡിന്റെ വെളിച്ചത്തില്‍ ആഗോളതലത്തില്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഫിലാഡല്‍ഫിയയില്‍ നടക്കാന്‍പോകുന്ന എട്ടാമതു ലോക കുടുംബസംഗമം. വടക്കേ അമേരിക്കയിലാദ്യമായി നടക്കുന്ന കുടുംബസംഗമത്തില്‍ 150 രാഷ്ട്രങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

ആധുനിക ഫിലാദല്‍ഫിയായുടെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം എന്ന് മേയര്‍ മൈക്കിള്‍ നട്ടര്‍ അതിരറ്റ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. ഒരു മില്യനിലധികം ആള്‍ക്കാര്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള ഈ സംഗമത്തിന് തയാറെടുക്കാനുള്ള തിരക്കിലാണിനി ഫിലാഡല്‍ഫിയാ.

2008 ല്‍ ഇപ്പോഴത്തെ പോപ്പ് എമരിത്തുസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഇതിനുമുന്‍പ് അമേരിക്ക സന്ദര്‍ശിച്ച മാര്‍പാപ്പ. അദ്ദേഹം അന്നു ഫിലാഡല്‍ഫിയായില്‍ വന്നിരുന്നില്ല. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരാണ് ഇതിനുമുന്‍പ് അമേരിക്കയിലെത്തി യിട്ടുള്ളത്. മാര്‍പാപ്പ ആയതിനുശേഷമുള്ള ആദ്യത്തെ അമേരിക്കന്‍ പര്യടനമാണ് ഫ്രാന്‍സിസ് പാപ്പയുടേത്.

1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടക്കമിട്ട വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് 2012 ലെ കുടുംബസംഗമം ഇറ്റലിയിലെ മിലാനില്‍ ആണ് നടന്നത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ അന്ന് 153 രാജ്യങ്ങളില്‍നിന്നായി ഒരു മില്യനിലധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ക്രൈസ്തവമൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്നേഹം വര്‍ദ്ധിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബസംഗമത്തിന്റെ ലക്ഷ്യം.

1994 ലും 2000 ലും റോമിലും, 1997 ല്‍ ബ്രസീലിലെ റയോഡിജാനിറോയിലും, 2003 ല്‍ ഫിലിപ്പീന്‍സിലെ മാനിലായിലും, 2006 ല്‍ സ്പെയിനിലെ വലെന്‍ഷ്യയിലും, 2009 ല്‍ മെക്സിക്കോ സിറ്റിയിലുമാണ് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് നടന്നത്. 2015 ല്‍ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന കുടുംബസംഗമത്തിന്റെ ചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍ ഇതിന്റെ ചാര്‍ജ് വഹിക്കുന്ന ഫാമിലി പൊന്തിഫിക്കല്‍ കൌണ്‍സിലുമായി കൂടിയാലോചിച്ചു താമസിയാതെ പ്രഖ്യാപിക്കും.

അതിരൂപത രൂപകല്പ്പനചെയ്തിരിക്കുന്ന 2015 സംഗമത്തിന്റെ ലോഗോ കുടുംബ ഐക്യവും, സഹോദരസ്നേഹത്തിന്റെ ഈറ്റില്ലവും, അമേരിക്കന്‍ ഐക്യനാടുകളുടെ മതസ്വാതന്തൃത്തിന്റെ ജന്മസ്ഥലവുമായ ഫിലാഡല്‍ഫിയാ സിറ്റിയേയും പ്രതിനിധാനം ചെയ്യുക. ചരിത്രപ്രസിദ്ധമായ ഫിലാഡല്‍ഫിയാ ലിബെര്‍ട്ടി ബെല്ലിന്റെ പശ്ചാത്തലത്തില്‍ അഞ്ചുപേരടങ്ങിയ ഒരു മാതൃകാ കുടുംബത്തിന്റെ പടവും, ബെല്ലിനു മുകളില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന കുരിശും ആലേഖനം ചെയ്തതാണ് ലോഗോ. സഭയിലേയ്ക്ക് തിരിച്ചുവരുവാനും, വിശ്വാസത്തില്‍ ആഴപ്പെടുവാനുമുള്ള ഒരു ആഹ്വാനമായിട്ടാണ് പള്ളിമണികളെ ഓര്‍മ്മിപ്പിക്കുന്ന ലിബര്‍ട്ടി ബെല്‍ തെരഞ്ഞെടുത്തത്.

പെന്‍സില്‍വേനിയാ ഗവര്‍ണര്‍ ടോം കോര്‍ബറ്റും, ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍ നട്ടറും കോ ചെയര്‍മാന്മാരായി ആര്‍ച്ചുബിഷപ്പിനൊപ്പം പ്രവര്‍ത്തിക്കും. ക്രൈസ്തവദേവാലയങ്ങളും, സിനഗോഗുകളും, മോസ്കുകളും, ഹൈന്ദവ ആരാധനാലയങ്ങളും ഒരുമയോടെ വാഴുന്ന ഫിലാഡല്‍ഫിയ മതസഹിഷ്ണതയുടെയും, മതസ്വാതന്തൃത്തിന്റെയും നാടാണെന്നും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം നമ്മുടെ മഹത്തായ സാസ്കാരികപൈതൃകത്തില്‍ അഭിമാനം കൊള്ളൂന്നതിനും, ആ പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ഒരവസരം കൂടിയാണിതെന്നും ആര്‍ച്ചുബിഷപ് ഷാപുട്ടിനും, സിറ്റി മേയര്‍ മൈക്കിള്‍ നട്ടറിനുമൊപ്പം ഓണററി കോചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനു ലഭിച്ച അവസരത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിന്റെ മൂലക്കല്ല് കുടുംബമാണെന്നും, കുടുംബങ്ങളെ ശക്തിപ്പെടുത്തുമ്പോള്‍ അത് നമ്മുടെ സമൂഹത്തെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍