കുവൈറ്റിലെ നഴ്സുമാര്‍ക്ക് ജോലി നഷ്ടമായ സംഭവം: ഒത്തുതീര്‍പ്പ് ചര്‍ച്ച അലസി
Monday, November 17, 2014 7:43 AM IST
കുവൈറ്റ്: ഇന്ത്യന്‍ എംബസിയുടെ മധ്യസ്ഥതയില്‍ മലയാളികളടക്കമുള്ള 450ഓളം നഴ്സുമാരെ റിക്രൂട്ട് ചെയ്ത അല്‍ഈസാ കമ്പനി അധികൃതരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലിച്ചില്ല.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഹോം കെയര്‍ ജോലിക്ക് പോവുക, സാമൂഹികക്ഷേമ വകുപ്പിനുകീഴിലുള്ള അസിസ്റന്റ് നഴ്സിംഗ് ജോലിക്ക് പോവുക, നാട്ടിലേക്ക് പോവുക എന്നീ മൂന്നു നിര്‍ദേശങ്ങളാണ് കമ്പനി മുന്നോട്ടുവച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നഴ്സുമാര്‍ തയാറായില്ല.

ഡിസംബര്‍ 31 വരെയെങ്കിലും താമസസ്ഥലത്ത് തുടരാന്‍ അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കമ്പനി അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് നഴ്സുമാര്‍ പറഞ്ഞു. നവംബര്‍ 20ഓടെ മഹ്ബൂലയിലെ താമസസ്ഥലം ഒഴിയണമെന്ന് കമ്പനി നഴ്സുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം മാസങ്ങള്‍ക്കു മുമ്പ് കമ്പനി റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന നഴ്സുമാരെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞതായി നഴ്സുമാര്‍ വ്യക്തമാക്കി. നിലവില്‍ 250ഓളം നഴ്സുമാര്‍ മഹ്ബൂലയിലെ കമ്പനി വക താമസസ്ഥലത്താണ് കഴിയുന്നത്.

ആരോഗ്യ മന്ത്രാലയവുമായുള്ള കരാര്‍ റദ്ദായതോടെ നഴ്സുമാര്‍ ഒന്നുകില്‍ വേറെ ജോലി തേടുക, അല്ലെങ്കില്‍ നാട്ടിലേക്ക് പോവുക എന്നത് മാത്രമേ വഴിയുള്ളൂവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നാട്ടില്‍നിന്നും കുവൈറ്റില്‍നിന്നുമായി ലക്ഷങ്ങള്‍ നല്‍കി ജോലി നേടിയവരാണ് ഈ നഴ്സുമാര്‍. ആറു മുതല്‍ 10 ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. 10 വര്‍ഷത്തിലധികമായി കുവൈറ്റില്‍ ജോലി ചെയ്യുന്നവരും അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട് എത്തിയവരുമെല്ലാം കൂട്ടത്തിലുണ്ട്.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി കുവൈറ്റ് സര്‍ക്കാര്‍ കനിവ് കാണിക്കണമെന്ന അപേക്ഷയിലാണ്. ജോലി നഷ്ടമായ 450ഓളം നഴ്സുമാരില്‍ 400ലധികം പേര്‍ മലയാളികളാണ്. അതിനാല്‍ത്തന്നെ, സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തിലുണ്ടാവണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍