നാട്ടറിവുകളെ ഉണര്‍ത്തി മലര്‍വാടിയുടെ പ്രയാണം എഴുത്ത് പരീക്ഷ നടന്നു
Monday, November 17, 2014 7:35 AM IST
ദമാം: 'എന്റെ നാട് എന്റെ സ്വന്തം നാട്' മലര്‍വാടി കുട്ടികള്‍ക്കായി തയാറാക്കിയ കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രയാണം എഴുത്ത് പരീക്ഷ ദല്ല പാം റസ്റില്‍ നടന്നു.

അല്‍ മുന സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ മാഷ് കുട്ടികള്‍ക്ക് ചോദ്യ പേപ്പര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അറിയുന്ന പോലെ നാടിനെയും അറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.

ദമാമില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് മലര്‍വാടിയുടെ എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കാനായി എത്തിയത്. ജൂണിയര്‍ സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. സൌദിയില്‍ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ അനുബന്ധമായാണ് ദാമാമിലും പ്രസ്തുത മത്സരം നടന്നത്.

മലര്‍വാടി റിസര്‍ച്ച് ടീം തയാറാക്കിയ പ്രത്യേക രീതിയിലുള്ള ചോദ്യപേപ്പര്‍ ആണ് മത്സരത്തിന് ഉപയോഗിച്ചത്. കുട്ടികളുടെ താത്പര്യവും അഭിരുചിയും പരിഗണിച്ച് മലര്‍വാടിയുടെ റിസര്‍ച്ച് ടീം ആണ് അഖില സൌദി തലത്തില്‍ പ്രയാണം ചോദ്യപേപ്പര്‍ നിര്‍മിച്ചത്. മള്‍ട്ടിപ്പിള്‍ ചോയ്സ്, ആശയം വ്യക്തമാക്കല്‍, ചിത്ര സൂചന തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞു കൊണ്ടുള്ള തരത്തില്‍ സംവിധാനിച്ചതാണ്. കുട്ടികള്‍ക്ക് ഇതുവഴി കേരളത്തിലെ നിരവധി പ്രശസ്തരെ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചു.

ഷബീര്‍ ചാത്തമംഗലം പരീക്ഷ കണ്‍ട്രോളര്‍, മലര്‍വാടി ദമാം സോണല്‍ രക്ഷാധികാരി പി.എം അബ്ദുള്‍ റഹ്മാന്‍, മലര്‍വാടി ദമാം സോണല്‍ കോഓര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് റഫീഖ്, ജോഷി ബാഷ, ഗേള്‍സ് വിഭാഗം കോഓര്‍ഡിനേറ്റര്‍ വഹ്ദ കോയ, സുബൈര്‍ പുല്ലാളൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷബീര്‍ ചാത്തമംഗലം ശിശു ദിനാശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

സ്ത്രീകളടക്കമുള്ള 25 ഇന്‍വിജിലേറ്റേഴ്സ് പരീക്ഷ നിയന്ത്രിച്ചു. പരീക്ഷയില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും. എഴുത്ത് പരീക്ഷയുടെ മൂല്യ നിര്‍ണയ ക്യാമ്പ് ദമാമില്‍ ഉടന്‍ നടക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം