യുഡിഎഫ് സര്‍ക്കാരിന് ജനക്ഷേമമാണ് ലക്ഷ്യം: പി.കെ ബഷീര്‍ എംഎല്‍എ
Friday, November 14, 2014 5:37 AM IST
റിയാദ്: വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച തുടക്കം കുറിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്െടന്ന് പി.കെ ബഷീര്‍ എംഎല്‍എ. ജനപക്ഷത്തുനിന്നുളള മികച്ച ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. റിയാദ് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ-വിദ്യാഭ്യാസ രംഗം, അടിസ്ഥാന സൌകര്യവികസനം, ഐടി തുടങ്ങിയ മേഖലകളില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനം കൈവരിച്ചത്. മദ്യനയത്തിലടക്കം മുസ്ലിംലീഗ് സ്വീകരിച്ച നിലപാട് പ്രതിയോഗികളുടേതുള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റി. വിവാഹ ധൂര്‍ത്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാട് സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തത് എംഎല്‍എ ചൂണ്ടിക്കാട്ടി.

ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് സാഫിര്‍മാനു ഒതായി അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുട്ബോള്‍ മേളയുടെ ബ്രോഷര്‍ എബിസി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുള്‍ ഖാദറിന് നല്‍കി പി.കെ ബഷീര്‍ എംഎല്‍എ പ്രകാശനം ചെയ്തു.

നാഷണല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് പാറക്കല്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് കുന്നുമ്മല്‍ കോയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഹമീദ് വാണിമേല്‍, മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ലത്തീഫ് ഹാജി തച്ചണ്ണ, കുഞ്ഞുട്ടി ഹാജി അരീക്കോട്, യാക്കൂബ് ഒതായി പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സി.ടി മജീദ് എടവണ്ണ, മുനീര്‍ കീഴുപറമ്പ്, മുജീബ് തെഞ്ചീരി ഊര്‍ങ്ങാട്ടിരി, ഇഖ്ബാല്‍ കാവനൂര്‍, സമദ് സീമാടന്‍ മലപ്പുറം മണ്ഡലം എന്നിവര്‍ ഷാള്‍ അണിയിച്ചു. അബ്ദുള്‍ അലി ഒതായി ഖിറാഅത്ത് നടത്തി. അലി ഹസന്‍ മൈത്ര സ്വാഗതവും റഹ്മത്തുള്ള അരീക്കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍