ഫിമ കാശ്്മീര്‍ സഹായധനം നല്‍കി
Thursday, November 13, 2014 8:10 AM IST
കുവൈറ്റ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിം അസോസിയേഷന്‍ (ഫിമ) ജമ്മുകാശ്മീരിലെ പ്രളയ ബാധിതരെ സഹായിക്കുവാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നാഷണല്‍ റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കി. പതിനഞ്ചോളം വരുന്ന ഫിമയുടെ അംഗ സംഘടനകളില്‍ നിന്ന് സ്വരൂപിച്ച സംഖ്യ കഴിഞ്ഞ ദിവസം പ്രസിഡന്റ് സിദ്ദിക്ക് വലിയകത്തിന്റെ നേതൃത്വത്തിലുള്ള ഫിമ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന് കൈമാറി. ജനറല്‍സെക്രട്ടറി ഹിദായത്തുള്ള, സയിദ് ഇഫ്തിഖാര്‍ അഹമ്മദ്, അബ്ദുള്‍ റസാഖ് അല്‍വാനെ, സലിം ദേശായ്, മുഹമ്മദ് മന്‍ഷാഹുദ്ദീന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

കുവൈറ്റിലെ പ്രവാസികള്‍ അനുഭവിക്കുന്ന വിവധ പ്രശ്നങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തിയ സംഘം ഇന്ത്യന്‍ സ്കൂളില്‍ ഇടാക്കുന്ന അമിതമായ ഫീസ് നിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ചു. ഇന്ത്യയിലെയും കുവൈറ്റിലെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ നടത്തുമെന്ന് അംബാസഡര്‍ സംഘത്തിന് ഉറപ്പ് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍