പത്താമത് ഫോക്കസ് പ്രഫഷണല്‍ ഇസ്ലാമിക്ക് ഇന്ററാക്ടീവ് മീറ്റ് നവംബര്‍ 20ന്
Thursday, November 13, 2014 8:05 AM IST
ദമാം: കിഴക്കന് പ്രവിശ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളുടെ കീഴിലുള്ള പ്രഫഷണല്‍ വിഭാഗം കൂട്ടായ്മ ഫോക്കസ് വിംഗ്, ദമാം അല്‍കോബാര്‍ ചാപ്റ്ററുകള്‍ സംയുക്തമായി നടത്തുന്ന ഇസ്ലാമിക് ഇന്ററാക്ടീവ് മീറ്റ് നവംബര്‍ 20ന് (വ്യാഴം) രാത്രി എട്ടു മുതല്‍ സീക്കോക്ക് സമീപമുള്ള ദമാം ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ഓഡിറ്റോറിയത്തില്‍ നടക്കും.

ദമാം അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളുടെ കീഴിലുള്ള പ്രാഫഷണല്‍ വിംഗ് സംയുക്തമായി നടത്തിവരുന്ന പത്താമത്തെ മീറ്റില്‍ 'മരണം' എന്ന വിഷയത്തില് ബുറൈദ ജാലിയാത്ത് പ്രബോധകനും പ്രമുഖ വാഗ്മിയുമായ റഫീഖ് സലഫി പ്രബന്ധം അവതരിപ്പിക്കും. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലയില്‍നിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. വിഷയത്തെ അധികരിച്ചുള്ള സംശയനിവാരണ

സെഷന് ദമാം ഐസിസി മലയാള വിഭാഗം പ്രബോധകന്‍ അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി നേതൃത്വം നല്‍കും. വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നോത്തരി മത്സരം ഉണ്ടായിരിക്കും. പ്രശ്നോത്തരിയില്‍ വിജയികളാവുന്ന ആദ്യ പത്തുപേര്‍ക്ക് സമ്മാന വിതരണവും മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ ഇസ്ലാമിക വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി, ലഘുപുസ്തക വിതരണം എന്നിവ ഉണ്ടായിരിക്കും.

കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 18ന് (ചൊവ്വ) മുമ്പായി ഷക്കീര്‍ പാലക്കാട് 0503899417 (ദമാം) ഫവാസ് 0507045685 (അല്‍കോബാര്‍) എന്നിവരുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്യണമെന്ന് ഫോക്കസ് വിംഗ് കണ്‍വീനര്‍ ഡോ. അബ്ദുള്‍ കബീര്‍ ഉളിയന്നൂര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം