പെട്രോളിന്റെ വില വര്‍ധിപ്പിക്കുവാന്‍ നീക്കം
Thursday, November 13, 2014 8:02 AM IST
കുവൈറ്റ്: രാജ്യത്ത് പെട്രോളിന്റെ വില ഉയര്‍ത്താന്‍ നിര്‍ദ്ദേശം. കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെട്രോളിന് രാജ്യത്ത് ലഭ്യമാക്കി വരുന്ന സബ്സിഡി എടുത്തുകളയുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോര്‍ട്ട് സുപ്രീം കൌണ്‍സില്‍ ഫോര്‍ പ്ളാനിംഗിന് ആണ് സമര്‍പ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിനുശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതായിരിക്കും. പെട്രോളിന് നിലവില്‍ നല്‍കി വരുന്ന സബ്സിഡി എടുത്തു കളയുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 65 ഫില്‍സില്‍ നിന്ന് 170 ഫില്‍സ് ആയി ഉയരും. ഇതു കുവൈറ്റിനെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചതിനു ശേഷമായിരിക്കും സുപ്രീം കൌണ്‍സില്‍ ഓഫ് പ്ളാനിംഗ് മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

തീരുമാനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കുവൈറ്റില്‍ താമസിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും സ്വന്തമായുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍