ചാവറ അച്ചന്റെ വിശുദ്ധ നാമകരണത്തിന് അമേരിക്കയിലെ സിഎംഐ സമൂഹം ഒരുങ്ങി
Thursday, November 13, 2014 6:04 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ ആദ്യ വികാരി ജനറാളും, ഭാരത്തിലെ തദ്ദേശീയ സന്യാസ സമൂഹങ്ങളുടെ സ്ഥാപകനും കേരള സഭയുടെ സാമൂഹ്യ-വിദ്യാഭ്യാസ- ആത്മീയ പരിഷ്കര്‍ത്താവുമായ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ നവംബര്‍ 23-ന് പോപ്പ് ഫ്രാന്‍സീസ്, വാഴ്ത്തപ്പെട്ട ഏവുപ്രാസ്യാമ്മയ്ക്കൊപ്പം വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തുന്നു.

നവംബര്‍ 24-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ച് നടത്തപ്പെടുന്ന കൃതജ്ഞതാബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മികത്വം വഹിക്കും. അമേരിക്കയില്‍ നിന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സഹകാര്‍മികനായിരിക്കും. കൂടാതെ അമേരിക്കയില്‍ അജപാലന ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന വൈദീകരും, കന്യാസ്ത്രീകളും, നൂറോളം അല്മായ പ്രതിനിധികളും ഈ വിശുദ്ധ കര്‍മ്മത്തിന് സാക്ഷികളായിരിക്കും. അമേരിക്കയിലും കാനഡയിലും സേവനം ചെയ്യുന്ന 25 സി.എം.ഐ വൈദീകര്‍ സ്ഥാപക പിതാവിന്റെ വിശുദ്ധ നാമകരണത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

ന്യൂയോര്‍ക്കിലെ സിഎംഐ ആസ്ഥാനത്ത് ഡിസംബര്‍ ഏഴിന് കൃതജ്ഞതാ ബലിയും, ചാവറ പിതാവിന്റെ തിരുനാളും സമുചിതമായി കൊണ്ടാടുകയാണ്. ബ്രൂക്ക്ലിന്‍ ബിഷപ്പ് നിക്കോളാസ് ഡിമ്മര്‍സിയോ വിശുദ്ധ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വചനസന്ദേശവും, സീറോ മലങ്കര സഭയുടെ മെത്രാന്‍ മാര്‍ യൌസേബിയോസ് ആശംസകളും അര്‍പ്പിക്കും.

അമേരിക്കയിലും കാനഡയിലുമായി 125 സിഎംഐ വൈദീകര്‍ സേവനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ ചാവറ സെലിബ്രേഷന് സിഎംഐ സഭ ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡേവി കാവുങ്കലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സിഎംഐ വൈദീകര്‍ അജപാലന ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന 125 ഇടവകകളിലും, അമേരിക്കയിലേയും കാനഡയിലേയും വിവിധ രൂപതകളിലും ചാവറ സെലിബ്രേഷന്‍ ഒരുക്കിയതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡേവി കാവുങ്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം