ഫീനിക്സില്‍ സകലവിശുദ്ധരുടേയും ദിനാഘോഷം
Thursday, November 13, 2014 6:04 AM IST
ഫീനിക്സ്: വിശുദ്ധരുടെ ജീവിതം നമ്മുടെ അനുദിന ജീവിതത്തില്‍ മാതൃകയാക്കുന്നത് അനുകരണീയമാണെനനും വിശുദ്ധരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ നമുക്കുവേണ്ടി വിശുദ്ധ സമൂഹവും പ്രാര്‍ത്ഥിക്കുന്ന വേളയാണ് സംജാതമാകുന്നതെന്നും ഫീനിക്സിലെ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ ഓള്‍ സെയിന്റ്സ് ദിനാഘോഷ ചടങ്ങില്‍ ഇടവക സമൂഹത്തിന് നല്‍കിയ സന്ദേശത്തില്‍ ഫാ. മാത്യു മുഞ്ഞനാട്ട് വ്യക്തമാക്കി.

ഫാന്‍സിഡ്രസ്, ടാബ്ളോ എന്നീ വിഭാഗങ്ങളിലായി ഇടവകയിലെ 130-ഓളം മതബോധന വിദ്യാര്‍ത്ഥികളും മാതാപിതാക്കളും, മതാധ്യാപകരും വിവിധ വിശുദ്ധരുടെ മാതൃകയുമായി വേദിയിലെത്തി. വിശുദ്ധരുടെ ജീവിതദര്‍ശനങ്ങള്‍ വെളിവാക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷനും ശബ്ദവിവരണവും, അവര്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസ സത്യങ്ങളുടെ ആഴം അനുഭവവേദ്യമാകുവാന്‍ ഉപകരിച്ചു. വി. ജിയാന്ന ബെമേറ്റ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞുമായി വേദിയിലെത്തിയത് കൌതുകമുണര്‍ത്തി. വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ സ്പോട്ട് ക്വിസ് ഇടവക ജനങ്ങള്‍ക്ക് പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്തു.

അമേരിക്കയില്‍ ഹാലോവീന്‍ വേഷവിധാനങ്ങളുടെ അതിപ്രസരങ്ങള്‍ക്ക് അടിമപ്പെടാതെ വിശുദ്ധ സമൂഹത്തിന്റെ വേഷവിധാനങ്ങള്‍ തെരഞ്ഞെടുത്ത് വേദിയിലെത്തിക്കുവാന്‍ പ്രയത്നിച്ച കുട്ടികളേയും മാതാപിതാക്കളേയും ഫാ. മാത്യു മുഞ്ഞനാട്ട് പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധരുടെ നാമകരണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആഘോഷങ്ങള്‍ക്ക് മതബോധന ഡയറക്ടര്‍ സാജന്‍ മാത്യു, അസിസ്റന്റ് ഡി.ആര്‍.ഇ ആന്റോ യോഹന്നാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജൂഡി റോസ് ജെയിംസ്, അവതാരകന്‍ ഷാജു ഫ്രാന്‍സീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഷാജു നെറ്റിക്കാടന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം