ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം
Wednesday, November 12, 2014 9:58 AM IST
റിയാദ്: എസ്ഡിപിഐ ആറളം ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റേറ്റ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആദിവാസികള്‍ക്ക് കേവല മാനുഷിക പരിഗണന പോലും നല്‍കാതെ അധികാരി വര്‍ഗം ആണ്ടുകളായി അവരെ ദുരിതക്കയത്തിലാക്കി ഭരണം നടത്തുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഭൂമാഫിയകള്‍ക്ക് ചുക്കാന്‍ പിടിച്ച് ആദിവാസികളെ കുടിയിറക്കുന്ന രാഷ്ട്രീയക്കാണെന്നും ആദിവാസി പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കടലാസില്‍ മാത്രമൊതുങ്ങുകയാണെന്നും ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.

മുഹറം ആഘോഷ വേളയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ജഴ്സി അണിഞ്ഞു എന്നാരോപിച്ച് പന്ത്രണ്ട് വയസിന് താഴെയുള്ള പത്ത് കുട്ടികളെ കസ്റഡിയിലെടുത്തതും സന്‍സദ് ആദര്‍ഷ് ഗ്രാമ യോജനയുടെ ഭാഗമായി ദത്തെടുത്ത വരാണസിയില്‍ ഒറ്റ മുസ്ലിം പോലും ഇല്ല എന്നതും രാജ്യത്ത് രണ്ടുതരം പൌരന്‍മാരെ സൃഷ്ടിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

മതേതര വിഭാഗങ്ങള്‍ ഒരുമിച്ചു നിന്ന് പോരാടിയില്ലെങ്കില്‍ പിന്നോക്ക ദളിക് വിഭാഗങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ സമീപ ഭാവിയില്‍ നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ കാരന്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് എന്‍.എന്‍ ഇന്ത്യയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയവും സംസ്ഥാന അംഗമായ കബീര്‍ കിളിമംഗലം ഇന്ത്യയിലെ സമകാലീന രാഷ്ട്രീയം എന്ന വിഷയവും അവതരിപ്പിച്ചു. ജന. സെക്രട്ടറി മുസ്തഫ ചാവക്കാട് സ്വാഗതവും ഒലയ്യ ബ്രാഞ്ച് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍