ജീവിതശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ചികിത്സിക്കാം: ഡോ. പി.എ. കരീം
Tuesday, November 11, 2014 9:04 AM IST
കുവൈറ്റ്: പ്രകൃതിദത്തമായ സ്രോതസുകളിലൂടെ രോഗങ്ങളില്‍ നിന്നും ശമനം ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് അതായിക്കൂടാ? ജീവിതശൈലി കൊണ്ടുണ്ടാകുന്ന എല്ലാ രോഗങ്ങളും പ്രകൃതിയിലൂടെ തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. പ്രശസ്ത പ്രകൃതി ചികിത്സ വിദഗ്ധന്‍ ഡോ. പി.എ. കരീം പ്രസ്താവിച്ചു.

രോഗങ്ങളെ മരുന്ന് കൂടാതെ ചികിത്സിച്ചു മാറ്റുന്ന രീതിയാണ് പ്രകൃതി ചികിത്സ. ഉപവാസം, ഭക്ഷണ നിയന്ത്രണം, പോഷകസമ്പുഷ്ടമായ ആഹാരം, ശുദ്ധ ജലം, ശുദ്ധ വായു, കളിമണ്ണ്, സൂര്യപ്രകാശം കൊണ്ടുള്ള ചികിത്സ, വ്യായാമം, പ്രാര്‍ഥന, സഹനം തുടങ്ങിയ രീതികളാണ് പ്രകൃതി ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍.

കേരളത്തിലെ കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഹൈജീന്‍ പ്രകൃതി ചികിത്സാ ആന്‍ഡ് യോഗ ഹോസ്പിറ്റലിലെ ഡയറക്ടറുമായ ഡോ. പി.എ. കരീം, കുവൈറ്റ് മുവാറ്റുപുഴ അസോസിയേഷന്‍ ജാബിരിയ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ 'മരുന്നുകളില്ലാത്ത ജീവിതം'എന്ന തലക്കെട്ടില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹാര്‍ട്ട് ബ്ളോക്ക്, വയര്‍ സംബന്ധമായ രോഗങ്ങള്‍, വേദനകള്‍, ആസ്തമ, ത്വക്ക് രോഗങ്ങള്‍, തുടങ്ങിയ ധാരാളം രോഗങ്ങള്‍, പ്രത്യേകിച്ചും ജീവിതശൈലിയില്‍ ഉണ്ടായ താളപിഴകള്‍ മൂലമുണ്ടായവ വളരെ ഫലപ്രദമായ തരത്തില്‍ പ്രകൃതി ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. 25 വര്‍ഷമായി പ്രകൃതി ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. കരീം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സദസ്യരുടെ മുന്നില്‍ വിവരിച്ചു.

രോഗികളെ ഉപവസിപ്പിച്ചും ശരീരം മണ്ണുകൊണ്ട് ആവരണം ചെയ്തും ശുദ്ധവെള്ളം കുടിപ്പിച്ചും ജലസ്നാനം സൂര്യാസ്നാനം ചെയ്യിപ്പിച്ചും ആവശ്യമായ വ്യായാമങ്ങള്‍ ശീലിപ്പിച്ചും ആണ് ചികിത്സിക്കുന്നത്. ശരീരത്തെ പ്രകൃതി പരമായ അവസ്ഥയിലേക്ക് മടക്കി കൊണ്ട് വരികയും ഹാനികരങ്ങളായ മരുന്നുകളില്‍ നിന്നും മോചിപ്പിക്കുക ഇതാണ് ഞങ്ങള്‍ ചെയുന്നത്. വായു, വെള്ളം, മണ്ണ്, സൂര്യപ്രകാശം ഇവ ഉപയോഗിച്ച് കൊണ്ട് രോഗങ്ങളില്‍ നിന്നും മുക്തമായ ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ പ്രകൃതി ജീവനത്തിലൂടെ സാധിക്കുമെന്ന് ശാസ്ത്രീയ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. കരീം വിശദമാക്കി.

കുവൈറ്റ് സ്കൂള്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ജിതേന്ദ്ര അരിഗ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഈ പ്രഭാഷണം ഒരു ബോധവത്കരണമാണ്, പ്രായോഗികമാക്കുന്നതില്‍ നിങ്ങളുടെ പരിശ്രമമാണ് വേണ്ടത് അതിനുള്ള അവസരമാകട്ടെ ഈ സെമിനാറെന്ന് ഡോ. ജിതേന്ദ്ര ആശംസിച്ചു.

കെഎംഎ പ്രസിഡന്റെ കെ.വൈ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുസമദ് പാലായില്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. കെഎംഎ സെക്രട്ടറി സിയാദ് പൈനായില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍