ആഭാസങ്ങള്‍ക്ക് കുടപിടിക്കരുത്: എസ്കെഐസി റിയാദ്
Tuesday, November 11, 2014 9:01 AM IST
റിയാദ്: സ്നേഹത്തിന്റെ പേരില്‍ ആഭാസങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ആപത്കരമാണെന്നും അതിന് കുടപിടിക്കുന്നവര്‍ ഖേദിക്കേണ്ടി വരുമെന്നും എസ്കെഐസി ഫാമിലി ക്ളസ്റര്‍ റിയാദ് സംഗമം അഭിപ്രായപ്പെട്ടു.

സ്നേഹം പങ്കുവയ്ക്കേണ്ടതും വളര്‍ത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പുഞ്ചിരി, സലാം പറയുക, ഹസ്തദാനം ചെയ്യുക, ആലിംഗനം ചെയ്യുക, ഫോണ്‍ ചെയ്യുക, തുടങ്ങി മതവും സംസ്കാരങ്ങളും അനുവദിച്ച നിരവധി മാര്‍ഗങ്ങളതിനുണ്ട്. പാലിക്കേണ്ട മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് അവ പ്രചരിപ്പിക്കുകയാണ് മാനുഷികത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ചുംബന സമരങ്ങളില്‍ മുസ്ലിംകള്‍ക്ക് പങ്കുണ്െടന്നു വരുത്തിത്തീര്‍ക്കാന്‍ അമുസ്ലിം ഫോട്ടോകള്‍ക്കു താഴെ മുസ്ലിം പേരുകള്‍ നല്‍കി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളില്‍ നിഗൂഢതകളുണ്െടന്നും ഇതില്‍ ചില മീഡിയകള്‍ സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടുകള്‍ ആവര്‍ത്തിക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു.

അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സംഗമം ഉദ്ഘാടനം ചെയ്തു. സമദ് പെരുമുഖം അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, അലവിക്കുട്ടി ഒളവട്ടൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷം വാദീനൂറിനൊപ്പം പോയ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി. മുഹമ്മദ് കോയ തങ്ങള്‍, ഹബീബുള്ള പട്ടാമ്പി, മുഹമ്മദ് വടകര, ഇബ്റാഹിം സുബ്ഹാന്‍, ബഷീര്‍ ചേലേമ്പ്ര, അബ്ദുറഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ സ്വീകരണത്തിനും മറ്റും നേത്യത്വം നല്‍കി. എസ്കെഐസി, എസ്വൈഎസ് പുറത്തിറക്കിയ നൌഷാദ് ബാഖവിയുടെ റിയാദ് പ്രഭാഷണ സിഡി ബാവ കൊടുവള്ളിക്ക് നല്‍കി അബൂബക്കര്‍ ദാരിമി പുല്ലാര പ്രകാശനം ചെയ്തു. റസാഖ് വളകൈ സ്വാഗതവും മുഖ്ത്താര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍