മൈതാനത്തെ കളിക്കൂട്ടുകാരുടെ വിയോഗത്തില്‍ അനുശോചിച്ചു
Tuesday, November 11, 2014 9:01 AM IST
റിയാദ്: ഒരേ ടീമിലും എതിര്‍ ടീമിലുമായി ചിരിച്ചും കലഹിച്ചും കളി കഴിഞ്ഞാല്‍ എല്ലാം മറന്ന് കെട്ടിപ്പുണര്‍ന്ന് സ്നേഹം പങ്കു വച്ചും കഴിഞ്ഞിരുന്ന ടി.പി സഹല്‍, ആഷിഖ്, മുഹമ്മദ് ഫാറൂഖ് എന്നിവരുടെ അപകട മരണത്തില്‍ റിയാദിലെ പ്രവാസി ഫുട്ബോള്‍ കളിക്കാരുടേയും സംഘാടകരുടേയും കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (റിഫ) അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, ജന. സെക്രട്ടറി മുജീബ് ഉപ്പട എന്നിവര്‍ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ മൂവരുടേയും കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും കൂട്ടുകാരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി പറഞ്ഞു.

റിയാദിലും ദമാമിലും ജിദ്ദയിലും നടക്കുന്ന ടൂര്‍ണമെന്റുകളില്‍ റിയാദിലെ പ്രമുഖ ടീമുകള്‍ക്കുവേണ്ടി കളിക്കാന്‍ മരിച്ച മൂന്ന് പേരും വരാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റിയാദിലെ ഫുട്ബോള്‍ സംഘാടകര്‍ക്കും കളിക്കാര്‍ക്കും ഇവര്‍ ഏറെ പ്രിയപ്പെട്ടവരായിരുന്നു. മൂന്ന് പേരുടേയും മരണം പ്രവാസി ഫുട്ബോളില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മികച്ച ഫുട്ബോള്‍ സംഘാടകനും റെയിന്‍ബോ റിയാദിന്റെ ചെയര്‍മാനുമായ ദേവന്‍ പാലക്കാട് പറഞ്ഞു.

ഫുട്ബോള്‍ മൈതാനത്ത് നിന്ന് മാത്രമായി മൂന്ന് പേര്‍ക്കും വലിയ സുഹൃദ്വലയമാണ് റിയാദില്‍ നിന്നുള്ളത്. ശനിയാഴ്ച വൈകുന്നേരം ദുലമിലെ ഖബറിസ്ഥാനില്‍ നടന്ന ആഷിഖിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ റിയാദില്‍ നിന്നും പ്രത്യേക ബസിലും കാറുകളിലുമായി നൂറുകണക്കിന് സുഹൃത്തുക്കളാണ് പോയത്. അടുത്ത വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന കെഎംസിസി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ റിയാദിലെ പ്രമുഖ ടീമുകള്‍ക്കുവേണ്ടി കളിക്കാന്‍ മൂന്ന് പേരും കരാറിലെത്തി നില്‍ക്കുമ്പോഴാണ് കാറപകടം അവരുടെ ജീവന്‍ കവര്‍ന്നെടുത്തത്. ആഷിഖിന്റേയും സഹലിന്റെയും ഫാറൂഖിന്റെയും മരണത്തില്‍ റിയാദിലെ ഫുട്ബോള്‍ സംഘാടകരായ നാസര്‍ മൂച്ചിക്കാടന്‍, കബിര്‍ വല്ലപ്പുഴ, ബാബു മഞ്ചേരി, ഫൈസല്‍ പാഴൂര്‍, കരീം യൂത്ത് ഇന്ത്യ, സമീര്‍ വണ്ടൂര്‍, ഷരീഫ് കാളികാവ്, ഷബീര്‍, ജിതിന്‍, നൌഷാദ് കോര്‍മത്ത്, മസൂദ് കളത്തില്‍ തുടങ്ങിയവരും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍