ഹിറൊയിന്‍-റിഥം 2014: നൃത്തവിസ്മയത്തിന്റെ നേര്‍ക്കാഴ്ച
Tuesday, November 11, 2014 5:36 AM IST
ഹൂസ്റന്‍: നവംബറില്‍ ഒന്നിന് (2014) വൈകീട്ട് ആറിന് ഹുസ്റന്റെ സമീപനഗരമായ സ്റാഫര്‍ഡിലെ സിവിക് സെന്ററില്‍ അരങ്ങേറിയ ഷിഗാരി സ്ക്കൂള്‍ ഓഫ് റിഥമിന്റെ ആറാമത് വാര്‍ഷികം 'റിഥം 14-ഹിറോയിന്‍' എല്ലാ അര്‍ത്ഥത്തിലും നൃത്തവിസ്മയത്തിന്റെ ഒരു നേര്‍ക്കാഴ്ചയായിരുന്നു. അത്യാധുനിക സാങ്കേതിക മികവില്‍ കണ്ണഞ്ചിക്കുന്ന വൈദ്യുതിപ്രഭയിലും ശബ്ദതരംഗങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് നര്‍ത്തകര്‍ വൈദ്യുതി വേഗത്തില്‍ ചുവടുകള്‍ വച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ ഇടതടവില്ലാതെ മലവെള്ളപ്പാച്ചില്‍പോലെ ഒഴുകിക്കൊണ്ടിരുന്ന ഒരു നൃത്തസുനാമിയായിരുന്നു പ്രേക്ഷകര്‍ വീക്ഷിച്ചത്.

അതുല്യ പ്രതിഭകളായ സൌത്തേഷ്യന്‍ സ്ത്രീകളുടെ ആദരാര്‍ത്ഥം പ്രത്യേകം തയ്യാറാക്കിയ ഒരു നൃത്തപരിപാടിയായിരുന്നു 'റിഥം 14-ഹിറോയിന്‍'. പ്രതിബന്ധങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് ഈ പ്രതിഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അനേകര്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. അവരെ അവതരിപ്പിക്കുന്നതിലൂടെ മറ്റനേകര്‍ക്കും അത് ഉത്തേജനത്തനും ഉത്സാഹത്തിനും കാരണമാകും. ഈ അവബോധമാണ് ഷിഗാരിയെ ഇത്തരം ഒരു പ്രമേയത്തിനു പ്രേരിപ്പിച്ചത്.

ബഹിരാകാശയാത്ര മദ്ധ്യേ അകാലത്തില്‍ പൊലിഞ്ഞ കല്‍പന ചൌള, ആഗോള സൌന്ദര്യത്തിന്റെ നെറുകയില്‍ വിരാചിച്ച് ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മാധുരി ഡിക്സിട്, ഐശര്യ റായ്, അമേരിക്കന്‍ രാഷ്ടീയത്തില്‍ ഉന്നതപദം അലങ്കരിക്കുന്ന നിക്കി ഹെയ്ലി, വ്യവസായ രംഗത്ത് മുഖ്യപദവിയില്‍ വിരാചിക്കുന്ന ഇന്ദിര നൂയ്യിവരെ പല പ്രമുഖ സ്ത്രീരത്നങ്ങളെ ഈ പരിപാടിയില്‍ അംഗീകരിച്ചാദരിച്ചു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച മദര്‍ തെരെസ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കുന്ന മലാല യുസഫാസി, അമേരിക്കയിലെ സൌന്ദര്യലോകം പടിച്ചടക്കിയ നീന ദവ്ല്രി എന്നിവരും ഈ പരിപാടിയില്‍ ആദരിക്കപ്പെട്ടു.

മുഖ്യാതിഥി നീന ദവ്ല്രി, വിശിഷ്ടാതിഥി സ്റാഫര്‍ഡ് സിറ്റി മേയര്‍ സ്ക്കാര്‍സെല, കൌണ്‍സില്‍മന്‍ കെന്‍ മാത്യു, റവ. റോയി എ. തോമസ്, ഷിഗാരി മുതലായവര്‍ ദീപം തെളിയിച്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചു. നീന ദവ്ല്രിയും മേയര്‍ സ്ക്കാര്‍സെലയും മെഗാ സ്പോണ്‍സര്‍ ബോബി ചെമ്മണ്ണൂരും സദസ്യരെ അഭിസംബോധനചെയ്ത് പ്രസംഗിച്ചു.

എല്ലാവര്‍ക്കും പ്രത്യേകിച്ച് മുഖ്യാതിഥി മിസ് അമേരിക്ക 2014-നും വിശിഷ്ടാതിഥി സ്റാഫ്ഡ് മേയര്‍ സ്ക്കാര്‍സെലയ്ക്കും ഷിഗാരി നന്ദി അറിയിച്ചു. പരിപാടിയുടെ അവസാനം ഇരൂന്നൂറോളം നര്‍ത്തകര്‍ ചേര്‍ന്നുള്ള ഗ്രാന്‍ഡ് ഫിനാലെയായിരുന്നു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്