വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ സമാപിച്ചു
Monday, November 10, 2014 10:01 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരുമല തിരുമേനിയുടെ 112-#ാമത് ഓര്‍മപെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

യോങ്കേഴ്സിലെ 100 അണ്ടര്‍ ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. തിമൊത്തി തോമസ്, ഫാ. ദിലീപ് ചെറിയാന്‍, ഫാ. എന്‍.കെ ഇട്ടന്‍ പിള്ള, ഫാ. പോള്‍ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശനി വൈകുന്നേരം ആറിന് സന്ധ്യപ്രാര്‍ഥന, 6.45ന് ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷ, തുടര്‍ന്ന് ഫാ. തിമൊത്തി തോമസിന്റെ ധ്യാന പ്രസംഗവും നടന്നു.

ഞായര്‍ രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടര്‍ന്ന് ഫാ. തിമൊത്തി തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ദിലീപ് ചെറിയാന്‍ സഹകാര്‍മികത്വം വഹിച്ചു. ഭക്തിനിര്‍ഭരമായ റാസ പള്ളിയില്‍ തിരിച്ചെത്തിയശേഷം കൈമുത്തും സ്നേഹവിരുന്നും നടന്നു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ദിലീപ് ചെറിയാന്‍, സഖറിയ ജോര്‍ജ്, വര്‍ഗീസ് മാമ്പള്ളില്‍, സജി കെ. തോമസ്, ജേക്കബ് അലക്സ്, റെജി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.