എം.വി. രാഘവന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചിച്ചു
Monday, November 10, 2014 8:08 AM IST
ദമാം : സിഎംപി നേതാവ് എം.വി. രാഘവന്റെ നിര്യാണത്തില്‍ നവയുഗം സാസ്കാരികവേദി അനുശോചിച്ചു. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു പോരാടാന്‍ ധൈര്യം കാണിച്ച ധീരനായ കമ്യൂണിസ്റുകാരനെയാണ് എം.വി. ആറിന്റെ വേര്‍പടിലൂടെ നഷ്ടമായതെന്ന് നവയുഗം അനുശോചന സന്ദേശത്തിലൂടെ അനുസ്മരിച്ചു. യുഡിഎഫ് പാളയത്തില്‍ ആയിരിക്കുമ്പോഴും കമ്യുണിസ്റ് ആയിരിക്കാന്‍ ശ്രമിച്ച പോരാളിയായിരുന്നു എംവിആര്‍. ഒരിക്കലും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത പ്രകൃതം അദേഹത്തെ അവസാനകാലങ്ങളില്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് നവയുഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മരണത്തിനു മാത്രം കീഴടക്കാന്‍ കഴിഞ്ഞ എംവിആര്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ മരിക്കാത്ത ഓര്‍മകളായി നിലനില്‍ക്കുകതന്നെ ചെയ്യുമെന്ന് നവയുഗം അഭിപ്രായപെട്ടു.

ദമാം: കേരളത്തിലെ സിപിഎമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനെതിരെ പടപൊരുതി കേരളത്തിന്റെ സമഗ്ര വികസനത്തിനായ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ധീരനായ കമ്യുണിസ്റ് ആയിരുന്ന എംവിആറിന്റെ നിര്യാണത്തില്‍ ഒഐസിസി ദമാം റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു.

ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുപോലും ഒട്ടും ഭയമില്ലാതെ കേരളത്തിലെ സിപിഎമ്മിന്റെ അപചയത്തിനെതിരെ തന്റെടത്തോട് കൂടി പ്രതികരിച്ച ആര്‍ജ്ജവമുള്ള നേതാവായിരുന്നു എംവിആറെന്നും എംവിആറിനെ പ്പോലെയുള്ള ധീരവും വികസന സങ്കല്‍പ്പങ്ങളുമുള്ള കമ്യൂണിസത്തിന്റെ നഷ്ടം കേരളത്തിന് എന്നും ഒരു ശൂന്യതയായി നിലകൊള്ളുമെന്നും ഒഐസിസി ദമാം റീജിയണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കമ്മുണിസ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായിരുന്ന സഖാവ് എം. വി. രാഘവന്‍റെ നിര്യാണത്തില്‍ നവോദയ സാംസ്കാരിക വേദി , കിഴക്കന്‍ പ്രവിശ്യ അനുശോചനം രേഖപ്പെടുത്തി.

ദമാം: നെയ്ത്ത് തൊഴിലാളിയായി പൊതുരംഗത്തെത്തിയ എംവിആര്‍ കേരളത്തിലെ പാവപ്പെട്ടവരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ ഭരണകൂട ഭീകരതെയും ഗുണ്ടാ ആക്രമണങ്ങളെയും ചെറുക്കുന്നതില്‍ അസാമാന്യ ധീരതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ബൂര്‍ഷ രാഷ്ട്രിയത്തിലേക്കുള്ള രംഗപ്രവേശം തൊഴിലാളി വര്‍ഗത്തിന് അദ്ദേഹത്തെ അനഭിമതനാക്കിയെങ്കിലും ഇടതുപക്ഷ രാഷ്ട്യ്രയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അവസാനഘട്ടത്തില്‍ അദ്ദേഹം വലതുപക്ഷ രാഷ്ട്രിയം ഉപേക്ഷിച്ചത് എടുത്ത് പറയേണ്ടതാണ്. എം.വി. രാഘവന്റെ നിര്യാണത്തില്‍ നവോദയ സാംസ്കാരിക വേദി, കിഴക്കന്‍ പ്രവിശ്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം