ഫിലാഡല്‍ഫിയായില്‍ ഡിസംബര്‍ 13ന് എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം
Monday, November 10, 2014 8:04 AM IST
ഫിലാഡല്‍ഫിയ: 21 ക്രൈസ്തവ ദേവാലയങ്ങളെ ഒന്നിച്ചൊരേ കുടക്കീഴില്‍ അണിനിരത്തി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയായുടെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 13 ന് (ശനി) നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്താ ടൈറ്റസ് മോര്‍ എല്‍ദോ ഈ വര്‍ഷത്തെ മുഖ്യാതിഥിയായിരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് തൃശൂര്‍ ഭദ്രാസനമെത്രാപോലീത്താ യുഹാനന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യവും തദവസരത്തിലുണ്ടാവും. കൂടാതെ കോഗ്രസ്മാന്‍ മൈക്ക് ഫിറ്റ്സ്പാട്രിക്, സിറ്റി/സ്റേറ്റ് സിവിക് ലീഡേഴ്സ് എന്നിവരും ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശിഷ്ഠാതിഥികളെ സ്വീകരിച്ചാനയിച്ച് ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയായിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ 21 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന് ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ അതൊരു ഒത്തുചേരലിന്റെയും ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ബലിവേദിയായി മാറും.

ഘോഷയാത്ര, പൊതുസമ്മേളനം, ക്രിസ്മസ് ദീപം തെളിക്കല്‍, എക്യുമെനിക്കല്‍ ആരാധന, മുഖ്യാതിഥിയുടെ ക്രിസ്മസ് സന്ദേശം, ആശംസാപ്രസംഗങ്ങള്‍, ബഹുവര്‍ണസ്മരണികയുടെ പ്രകാശനം, എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ സര്‍വീസ്, ദിവ്യകാരുണ്യനിധി വിതരണം എന്നിവയായിരിക്കും ചടങ്ങുകള്‍.

എക്യുമെനിക്കല്‍ കൂട്ടായ്മയില്‍നിന്നും സ്ഥലം മാറിപ്പോയ ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാപള്ളി മുന്‍ വികാരി റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ക്ക് യാത്രയയപ്പും, ഒബാമാ ഭരണകൂടത്തില്‍ അംഗമായ റവ. ഫാ. അലക്സാണ്ടര്‍ ജയിംസ് കുര്യനെ ആദരിക്കല്‍ ചടങ്ങും ഇതോടൊപ്പം നടക്കും.

പൊതുസമ്മേളനത്തെത്തുടര്‍ന്ന് ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ നൃത്തങ്ങളും, എക്യുമെനിക്കല്‍ കൂട്ടായ്മയിലെ വിവിധ പള്ളികളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

ഫണ്ട് റെയ്സിംഗ് ആന്‍ഡ് ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ദാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ റാഫിള്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച ജീവകാരുണ്യനിധി വിതരണവും റാഫിള്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികങ്ങളും തദവസരത്തില്‍ നല്‍കും. ജീമോന്‍ ജോര്‍ജിന്റെ മേല്‍ നോട്ടത്തില്‍ തയാറാക്കി പ്രസിദ്ധീകരിച്ച സുവനീയര്‍ മുഖ്യാതിഥി പൊതുസമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷാജി എം. ഈപ്പന്‍ (ഫെല്ലോഷിപ് ചെയര്‍മാന്‍), റവ. ഷിബു മത്തായി (കോ-ചെയര്‍മാന്‍), ആനി മാത്യു (സെക്രട്ടറി), സന്തോഷ് ഏബ്രാഹം (ജോ. സെക്രട്ടറി), ജോബി ജോ (ട്രഷറര്‍), റവ. ഡിെസ് ഏബ്രാഹം (റിലിജിയസ്), ബിെ കൊട്ടാരത്തില്‍ (പ്രോഗ്രാം), സുമാ ചാക്കോ, ശാലു യോഹാന്‍ (വിമന്‍സ് ഫോറം), റവ. ഫാ. ഗീവര്‍ഗീസ് ജോ, ബഞ്ചമിന്‍ മാത്യു (യൂത്ത്), തോമസ് ഏബ്രാഹം (ക്വയര്‍), വിന്‍സന്റ് ഇമ്മാനുവല്‍, ജോ ദാനിയേല്‍ (ഓഡിറ്റര്‍മാര്‍) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍