എം.വി.ആറിന്റെ മരണത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു
Monday, November 10, 2014 8:00 AM IST
റിയാദ്: കേരളരാഷ്ട്രീയത്തിനും നവകേരള സൃഷ്ടിക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സഖാവ് എം.വി രാഘവന്റെ നിര്യാണത്തില്‍ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകരും സാംസ്കാരിക സംഘടനകളും അനുശോചിച്ചു.

കമ്യൂണിസ്റ് പ്രസ്ഥാനം കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ച എം.വി രാഘവനെ കേരള രാഷ്ട്രീയത്തിന് മറക്കാനാകില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മുന്‍ സഹകരണ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന എം.വി രാഘവന്റെ മരണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. മികച്ച ഭരണാധികാരി, നിയമസഭാംഗം എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.വി.ആര്‍ സഹകരണമേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എകെജി സഹകരണ ആശുപത്രി, പറശിനിക്കടവ് ആയുര്‍വേദിക് മെഡിക്കല്‍ കോളജ്, പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രവും സ്നേക്ക് പാര്‍ക്കും എല്ലാം അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായിരിക്കും. ശക്തമായ നിലപാട് സ്വീകരിക്കാനും അതില്‍ ഉറച്ച് നില്‍ക്കാനും കഴിയുന്ന ചുരുക്കം നേതാക്കളിലൊരാളായിരുന്നു എംവിആര്‍ എന്നും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നെങ്കിലും കൂത്ത്പറമ്പില്‍ നടന്ന വെടിവയ്പിയും ധീരസഖാക്കളുടെ രക്തസാക്ഷിത്വത്തിന്റെയും പേരിലായിരിക്കും അദ്ദേഹത്തെ കേരളരാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയെന്ന് നവോദയ റിയാദ് നേതാവ് കുമ്മിള്‍ സുധീര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തില്‍ നവോദയ റിയാദിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും സുധീര്‍ പറഞ്ഞു.

ധീരനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എം.വി.ആര്‍ എന്ന് ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നാസര്‍ കല്ലറ പറഞ്ഞു. ആരേയും കൂസാതെ തന്റെ നിലപാടുകളോടൊപ്പം നിന്ന എം.വി രാഘവന്‍ നിയമസഭയിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്നു. എം.വി രാഘവന്റെ മരണത്തില്‍ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും നാസര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മുന്നണിപ്പോരാളിയായിരുന്നു എംവിആര്‍ എന്നും അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠമാണെന്നും ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം നൌഫല്‍ പാലക്കാടന്‍ പറഞ്ഞു.

സിപിഎമ്മില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിച്ച എം.വി.ആറിനെ പിന്തുണക്കാനും തെറ്റ് തിരുത്തി അദ്ദേഹത്തെ കൂടെ നിര്‍ത്താനുമുള്ള വിവേകം പാര്‍ട്ടി നേതൃത്വം കാണിച്ചിരുന്നെങ്കില്‍ ഇന്നത്തെ കേരള രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കമ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുള്ള എം.വി രാഘവന്റെ മരണം ഏറെ ദുഃഖിപ്പിച്ചതായി എം.വി.ആറിന്റെ രാഷ്ട്രീയ സതീര്‍ഥ്യന്‍ ഇ.കെ ഇമ്പിച്ചിബാവയുടെ മകനും റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ.കെ റസൂല്‍ സലാം പറഞ്ഞു. തന്റെ കുടുംബവുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന എംവിആര്‍ പിതാവിന്റെ വിശ്വസ്ഥനായ സുഹൃത്തായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നിച്ച് ജയിലില്‍ കഴിഞ്ഞ അനുഭവങ്ങളും എം.വി.ആറിന്റെ ആത്മാര്‍ഥതയും പിതാവ് എന്നും സ്മരിക്കുമായിരുന്നു. എ.കെ.ജി യും കൃഷ്ണപ്പിള്ളയും പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിസ്മരിക്കാന്‍ പറ്റാത്ത നേതാവായിരുന്നു എം.വി.ആര്‍ എന്നും റസൂല്‍ സലാം അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റ് നേതാവ് എന്നതിലുപരി കേരള രാഷ്ട്രീയത്തിനും ഐക്യജനാധിപത്യ മുന്നണിയിക്കും കരുത്തും ഓജസും പകര്‍ന്ന് തന്ന എം.വി രാഘവന്റെ മരണത്തില്‍ റിയാദ് ഒഐസിസി ഗ്ളോബല്‍ വിംഗ് അനുശോചിച്ചു. നിര്‍ഭയത്വം മുഖമുദ്രയായ മലബാറിന്റെ വികസന നായകന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായി ഗ്ളോബല്‍ നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, ഷാജി കുന്നിക്കോട്, ശിഹാബ് കൊട്ടുകാട്, മാത്യു പാറക്കല്‍, മജീദ് ചിങ്ങോലി, അസ്കര്‍ കണ്ണൂര്‍, എം.സി കോരോത്ത്, നൌഫല്‍ പാലക്കാടന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍