മുന്‍കാല നേതാക്കളെ കെഎംസിസി ആദരിച്ചു
Monday, November 10, 2014 5:14 AM IST
റിയാദ്: കെഎംസിസി 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഐക്യദാര്‍ഢ്യസമ്മേളനം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയും മുന്‍കാല നേതാക്കളെ ആദരിച്ചും പരിപാടി ഒരുക്കിയത്. മൂല്യബോധമുളള രാഷ്ട്രീയ പ്രവര്‍ത്തനവും ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ കരുത്തും കാഴ്ചവെക്കാന്‍ കെ.എം.സി.സിക്ക് കഴിഞ്ഞത് പ്രവര്‍ത്തകര്‍ താഴെത്തട്ടിലേക്ക് ഇറങ്ങുന്നതുകൊണ്ടാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍.ആര്‍.കെ ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. സര്‍ക്കാരിനെ പോലും അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന നേതൃത്വം നല്‍കുന്നതെന്ന് ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധനം ചെയ്ത മന്ത്രി പറഞ്ഞു. പ്രസിഡണ്ട് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതി വിജയിപ്പിക്കുന്നതിന് റിയാദ് കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

മുന്‍കാല കെ.എം.സി.സി നേതാക്കളായ തേനുങ്ങല്‍ അഹമ്മദ് കുട്ടി, ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി, പി.വി അബ്ദുല്‍ ഖാദര്‍, പോക്കര്‍ പൊയിലന്‍, സിദ്ദീഖ് വെളിയംകോട്, ഇബ്രാഹിം പുറങ്ങ്, ഇ.കെ കുഞ്ഞുട്ടി ആതവനാട്, വി.പി മുഹമ്മദലി ഹാജി, എം.കെ ഇബ്രാഹിം ഹാജി, അശ്റഫ് ആലപ്പുഴ, ഒ.കെ മുഹമ്മദ് കുട്ടി, അസീസ് ചെങ്ങരത്ത് എന്നിവര്‍ക്ക് ഹമീദ് വാണിമേല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു.

കോയാമു ഹാജി, അബ്ദുസമദ് കൊടിഞ്ഞി, അബൂബക്കര്‍ ഫൈസി, അര്‍ശുല്‍ അഹമ്മദ്, സുഫ്യാന്‍ അബ്ദുല്‍ സലാം, ഇബ്രാഹിം സുബ്ഹാന്‍, വി.കെ.മുഹമ്മദ്, റഫീഖ് പാറക്കല്‍, യു.പി മുസ്തഫ പ്രസംഗിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്ദുസ്സലാം തൃക്കരിപ്പൂര്‍, കെ.പി മുഹമ്മദ് കലപ്പാറ, റസാഖ് വളക്കൈ, മണ്ണേരി മുഹമ്മദ്, ഖാദര്‍ വയനാട്, മുഹമ്മദ് കോയ തങ്ങള്‍, മുജീബ് ഉപ്പട, ശംസു പൊന്നാനി നേതൃത്വം നല്‍കി. അശ്റഫ് മൌലവി പ്രാര്‍ത്ഥന നടത്തി. ജലീല്‍ തിരൂര്‍ സ്വാഗതവും ഉസ്മാനലി പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍