ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: വിവാദങ്ങള്‍ വീണ്ടും പുകയുന്നു
Monday, November 10, 2014 5:13 AM IST
കുവൈറ്റ് : കുവൈറ്റിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. പ്രശ്നപരിഹാരം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി ഒപ്പുശേഖരണം തുടങ്ങി. ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സംഘടനകള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഇന്ത്യന്‍ കമ്യൂണിറ്റി ആക്ഷന്‍ കമ്മിറ്റിയാണ് നിവേദനം സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പ്രവാസികാര്യമന്ത്രി, മാനവവിഭവശേഷി മന്ത്രി, കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിക്കുക. ഇന്ത്യന്‍ സ്കൂള്‍ കുവൈത്ത് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട് പിന്നീട് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളായി മാറുകയായിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനം. ആറ് ആവശ്യങ്ങളാണ് നിവേദനത്തില്‍ ആക്ഷന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കുന്നത്.

1. സ്കൂളിന്റെ നടത്തിപ്പ് നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ട്രസ്റീസിനെ ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കുക.

2. സ്പോണ്‍സറുടെ ഇടപെടലുകള്‍ സ്കൂളിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ബോര്‍ഡ് ഓഫ് ട്രസ്റീസ് ഒപ്പുവെച്ച വിവിധ കരാറുകള്‍ സ്കൂളിനും ഇന്ത്യന്‍ സമൂഹത്തിനും ഗുണകരമായവയാണെന്നും ഉറപ്പുവരുത്തുക.

3. സ്കൂളിന് പുതുതായി അനുവദിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സ്കൂള്‍ മാനേജ്മെന്റിനും അതുവഴി ഇന്ത്യന്‍ സര്‍ക്കാറിനുമാണെന്ന് ഉറപ്പുവരുത്തുക. പുതിയ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ പുതിയ സ്പോണ്‍സറെ കണ്ടത്തുെക.

4. സ്കൂള്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മുന്‍കൈയെടുക്കുക. നിലവിലെ ബോര്‍ഡ് ഓഫ് ട്രസ്റീസ് തെരഞ്ഞെടുപ്പ് മാനദണ്ഡം മാറ്റി പാരന്റ് അഡ്വൈസറി കൌണ്‍സിലും ഇന്ത്യന്‍ എംബസിയില്‍ രജിസ്റര്‍ചെയ്ത സാമൂഹിക, സാംസ്കാരിക സംഘനകളില്‍നിന്നുള്ള രണ്ട് അംഗങ്ങളുമടങ്ങിയ ഇലക്ടറല്‍ കോളജ് ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് നേരിട്ട് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സംവിധാനം നിലവില്‍വരണം. സ്കൂളിലെ അധ്യാപകരില്‍നിന്നുള്ള രണ്ട് അംഗങ്ങളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താം. ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി പരമാവധി മൂന്നു വര്‍ഷവും അംഗങ്ങളുടേത് രണ്ട് വര്‍ഷവുമാക്കി നിജപ്പെടുത്തണം.

5. 1999 മുതലുള്ള എല്ലാ ഇടപാടുകളുടെയും സോഷ്യല്‍, ഫൈനാന്‍ഷ്യല്‍ ഓഡിറ്റ് നടത്തി ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക. സ്കൂളില്‍നിന്ന് മുമ്പ് ചിലര്‍ അനധികൃതമായി കൈക്കലാക്കിയ എല്ലാ തുകയും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും കുവൈറ്റ് നിയമവ്യവസ്ഥയില്‍നിന്ന് സ്കൂളിനനുകൂലമായ വിധിയുണ്ടാവാന്‍ ഊര്‍ജിത ശ്രമം നടത്തുകയും ചെയ്യുക.

6. ഭരണഘടനക്ക് വിരുദ്ധമായി 14 വര്‍ഷമായി തുടരുന്ന നിലവിലെ കൌണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് പിരിച്ചുവിട്ട് പുന*സംഘടിപ്പിക്കുക. ഇന്ത്യന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനെ കൌണ്‍സില്‍ അംഗമാക്കുകയും ബോര്‍ഡ് ഓഫ് ട്രസ്റീസിലെ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്യുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍