എം.കെ മുനീര്‍ അംബാസിഡറെ സന്ദര്‍ശിച്ചു
Monday, November 10, 2014 5:13 AM IST
കുവൈറ്റ്: കുവൈറ്റില്‍ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് മന്ത്രി എം.കെ മുനീറും കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനും ചര്‍ച്ച നടത്തി. കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങി ക്കിടക്കുന്ന നാനൂറോളം നേഴ്സുമാര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ലഭിക്കാനുള്ള സാധ്യതയെ പറ്റി മന്ത്രി ആരായുകയും വേണ്ടുന്ന സഹായം ചെയ്തുനല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രശ്നം കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്ന് സുനില്‍ ജെയിന്‍ പറഞ്ഞു.

വിസ തട്ടിപ്പുകള്‍ നടത്തുന്ന റിക്രൂട്ട്മെന്റ് ഏജെന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ഭരണതലത്തില്‍ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, കുവൈറ്റ് കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ഫിമ പ്രസിഡന്റ് സിദ്ദീഖ് വലിയകത്ത്, എംഇഎസ് പ്രസിഡന്റ് സാദിഖ് അലി തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍