ഹൂസ്റണ്‍ ഫൊറോന ദേവാലയത്തില്‍ മാര്‍ ജോയ് ആലപ്പാട്ടിന് സ്വീകരണവും വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും
Saturday, November 8, 2014 9:54 AM IST
ഹൂസ്റണ്‍: ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് ഹൂസ്റണ്‍ സെന്റ് ജോസഫ് ഫൊറോന ദേവാലയം സ്വീകരണം നല്‍കി. പള്ളി അങ്കണത്തില്‍ പിതാവിനെ വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ മെഴുകുതിരി നല്‍കിയും അസിസ്റന്റ് വികാരി ഫാ. വില്‍സണ്‍ കണ്ടങ്കിരി ബൊക്കെ നല്‍കിയും സ്വീകരിച്ചു. അറുനൂറോളം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പിതാവിന് സ്വാഗതമേകാന്‍ ഇരു വശങ്ങളിലായി അണിനിരന്നിരുന്നു.

പാദുവായില്‍ നിന്നു പ്രത്യേകം കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും മാര്‍ ആലപ്പാട്ട് നിര്‍വഹിച്ചു.

ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ പ്രത്യേകം തയാറാക്കിയ സക്രാരിയില്‍ പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍ സഹായ മെത്രാന്‍ പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സഖറിയാസ് തോട്ടുവേലില്‍, ഫാ.വില്‍സണ്‍ കണ്ടങ്കിരി, ഫാ.ജോസ് പിട്ടാപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ അന്തോണീസിന്റെ ജീവിത മാതൃക ഹൃദയത്തില്‍ ഏറ്റുവാങ്ങി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ മാര്‍ ആലപ്പാട്ട് ദിവ്യ ബലി മധ്യേ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. സകല വിശുദ്ധരുടെയും തിരുനാളിന്റെ ഭാഗമായി ഇരുനൂറോളം കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷമണിഞ്ഞ് എത്തിയത് ആകര്‍ഷകമായി.

ദിവ്യബലിക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ഫാ.സഖറിയാസ് തോട്ടുവേലി അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ.വില്‍സണ്‍ കണ്ടങ്കിരി, ഭക്തസംഘടനകള്‍ക്കു വേണ്ടി ലിസി സോജന്‍, യുവജന പ്രതിനിധി ജോര്‍ഡി റാത്തപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. ജോയ് ആലപ്പാട്ട് മറുപടി പ്രസംഗം നടത്തി. പോള്‍ ജോസഫ് പരിപാടിയുടെ എംസി ആയിരുന്നു. കൈക്കാരന്മാരായ അഗസ്റിന്‍ ജോസഫ്, ജോയി ചെഞ്ചേരില്‍, ജോസ് ഉതിരകളം, ജോണ്‍ ബാബു എന്നിവര്‍ സ്വീകരണ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍