'പച്ച മൂടിയ മുറിവുകള്‍' പ്രകാശനം ചെയ്തു
Saturday, November 8, 2014 9:53 AM IST
ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യുവകവി ജമാല്‍ മൂക്കുതലയുടെ പ്രഥമ കാവ്യസമാഹാരമായ 'പച്ച മൂടിയ മുറിവുകള്‍' പ്രകാശനം ചെയ്തു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ കഥാകൃത്ത് ഹണി ഭാസ്കരന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ഒരെഴുത്തുകാരന്‍ എന്തായിരിക്കണമെന്ന ശാഠ്യത്തോടെ എഴുതിയതെന്ന് അനുഭവപ്പെടുത്തുന്ന ഓരോ കവിതയും കൃത്യമായ ജീവിത വീക്ഷണം മുന്നോട്ട് വയ്ക്കുന്നവയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സുറാബ്, കെ.കെ. മൊയ്തീന്‍ കോയ, നളിനാക്ഷന്‍ ഇരട്ടപ്പുഴ, കമറുദ്ദീന്‍ ആമയം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

റഫീഖ് അഹമ്മദ്, ഷൈലന്‍, ഡോ. ഡോണ മയൂര എന്നിവരുടെ പഠനങ്ങളോടെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പച്ചമൂടിയ മുറിവുകളില്‍ 64 കവിതകളാണുള്ളത്. അബുദാബി ശക്തി തിയറ്റേഴ്സിന്റേയും കേരള സോഷ്യല്‍ സെന്ററിന്റേയും സജീവപ്രവര്‍ത്തകനാണ് ജമാല്‍ മൂക്കുതല.

ചടങ്ങില്‍ കൈരളി ബുക്സ് പ്രതിനിധികളായ സൈനുദ്ദീന്‍ വെള്ളിയോടന്‍ സ്വാഗതവും ഫൈസല്‍ മരക്കാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള