ഫാ. ടോം തോമസ് എംഎസ്എഫ്എസിനു ഡോക്ടറേറ്റ്
Thursday, November 6, 2014 9:43 AM IST
ഷിക്കാഗോ: ഫാ. ടോം തോമസ് എംഎസ്എഫ്എസിന് അമേരിക്കയിലെ ആര്‍ഗസി യൂണിവേഴ്സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മയക്കുമരുന്നുകളുടേയും മദ്യാസക്തിയുടേയും അടിമകളായവരുടെ ചികിത്സയും പുനരധിവാസവുമായിരുന്നു ഗവേഷണ വിഷയം.

താമരശേരി രൂപതയിലെ മരിയഗിരി (വാളുക്ക്) ഇടവകയില്‍ പന്നലക്കുന്നേല്‍ തോമസിന്റേയും ത്രേസ്യാമ്മയുടേയും മകനാണ്. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ജനുവരി പത്തിന് വൈദികനായി. തൃശൂര്‍ രൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ അസിസ്റന്റ് വികാരിയായും ഏറ്റുമാനൂര്‍ എസ്എഫ്എസ് സെമിനാരിയില്‍ വൊക്കേഷന്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. മോണ്ട് ഫോര്‍ട്ട് കോളജില്‍ (ബാംഗളൂര്‍) നിന്നു കൌണ്‍സിലിംഗില്‍ മാസ്റേഴ്സ് പൂര്‍ത്തിയാക്കിയശേഷം ബാംഗളൂര്‍ സെന്റ് ഫ്രാന്‍സീസ് ഡി സെയിന്റ്സ് കോളജില്‍ വൈസ് പ്രിന്‍സിപ്പലായും അധ്യാപകനായും സേവനം അനുഷ്ഠിച്ചു. ഒരു ശതാബ്ദമായി ഷിക്കാഗോയിലെ അലക്സിയല്‍ ബ്രദേഴ്സ് ബിഹേവിയറല്‍ ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ചാപ്ളെയിനായി സേവനം ചെയ്തുവരികയാണ്.

കൌണ്‍സിലിംഗിലും പ്രഭാഷണങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിച്ച ഫാ. ടോം, കൊച്ചിന്‍ കലാഭവനില്‍ സംഗീതത്തില്‍ പരിശീലനം നേടിയുണ്ട്. കരാട്ടെയില്‍ ബ്ളാക് ബെല്‍റ്റും യോഗയില്‍ സര്‍ട്ടിഫിക്കേഷനുമുണ്ട്.