സൌദി കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി: 75 ലക്ഷം രൂപ മുഖ്യമന്ത്രി വിതരണം ചെയ്യും
Thursday, November 6, 2014 7:21 AM IST
റിയാദ്: കെ.എംസിസി സൌദി നാഷണല്‍ കമ്മിറ്റി ഒരു വര്‍ഷം മുന്‍പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം അംഗങ്ങളായിരിക്കെ മരണമടഞ്ഞ 15 പ്രവാസികളുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്യും. ഇന്നും നാളേയുമായി മലപ്പുറത്ത് നടക്കുന്ന സൌദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി 35 ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് തുക മുഖ്യമന്ത്രി കൈമാറുകയെന്ന് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ നാട്ടില്‍ നിന്നും ഇവിടെ നിന്നുമായി മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കാണ് തുക ലഭിക്കുക. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിക്കുക.

സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് എം.പി, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.കെ.കെ ബാവ എന്നിവരും മന്ത്രിമാരും മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളും പങ്കെടുക്കും. മുപ്പത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന സൌദി കെ.എം.സി.സി മീറ്റില്‍ പ്രവാസി സംഗമം, നിക്ഷേപക സെമിനാര്‍, പഴയകാല പ്രവാസികളെ ആദരിക്കല്‍, പ്രവാസി വിഷയങ്ങളില്‍ മുഖ്യധാര രാഷ്ട്രീയകക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ച, സൌദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി വ്യവസായികളെ ആദരിക്കല്‍ എന്നീ സെഷനുകളുമുണ്ടായിരിക്കും.

സൌദി കെ.എം.സി.സി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രവാസി കാരുണ്യരത്ന പുരസ്കാരം പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. കെ.ടി റബീഉള്ളക്ക് സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ. കെ.ടി റബീഉള്ള പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കൂടിയാണ്. കൂടാതെ 12 പ്രമുഖ പ്രവാസി വ്യവസായികള്‍ക്ക് വാണിജ്യ പ്രതിഭാ പുരസ്കാരങ്ങളും സമ്മാനിക്കും. പി.എ ഇബ്രാഹിം ഹാജി (വൈസ് ചെയര്‍മാന്‍, മലബാര്‍ ഗോള്‍ഡ)്, മെട്രോ മുഹമ്മദ് ഹാജി, ഡോ. സിദ്ദീഖ് അഹമ്മദ് (സി.എം.ഡി, ഐ.ടി.എല്‍, ഇറാം ഗ്രൂപ്പ്), ആലുങ്കല്‍ മുഹമ്മദ് (ചെയര്‍മാന്‍, അല്‍ അബീര്‍ ഗ്രൂപ്പ്), നാസര്‍ അബൂബക്കര്‍ (മാനേജിംഗ് ഡയറക്ടര്‍, ക്ളിക്കോണ്‍ ഇലക്ട്രോണിക്സ്), അഹമ്മദ് കോയ (എം.ഡി, ഫ്ളീരിയ ആന്റ് സിറ്റി ഫ്ളവര്‍ ഗ്രൂപ്പ്), വി.പി മുഹമ്മദലി (ചെയര്‍മാന്‍, അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ്), പി.എ അബ്ദുറഹ്മാന്‍ (എം.ഡി, ഷിഫ ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്), അഹമ്മദ് അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, അബൂബക്കര്‍ ഹാജി ബ്ളാത്തൂര്‍, ഡോ. ഷരീഫ് അബ്ദുല്‍ ഖാദര്‍ (എം.ഡി, എ.ബി.സി കാര്‍ഗോ), ശുഹൈബ് താഴത്തെപീടിയേക്കല്‍ എന്നിവര്‍ക്കാണ് കെ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍