കമ്പനി മാനേജ്മെന്റിന്റെ അനാസ്ഥ; അഞ്ച് വര്‍ഷമായി രണ്ട് മലയാളികള്‍ ദുരിതക്കയത്തില്‍
Thursday, November 6, 2014 7:21 AM IST
റിയാദ്: അഞ്ചര വര്‍ഷമായി പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളികള്‍ താമസരേഖകളില്ലാതേയും നാട്ടില്‍ പോകാന്‍ കഴിയാതെയും ദുരിതമനുഭവിക്കിന്നതായി പരാതി. കോഴിക്കോട് കാരപ്പറമ്പ് കല്ലിട്ടക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകന്‍ വെണ്ണീര്‍ വയല്‍ രജീഷ് (30), കോഴിക്കോട് വരിക്കോളി പരപ്പന്‍പൊയില്‍ സ്വദേശി പരേതനായ വേലായുധന്റെ മകന്‍ ജയാനന്ദന്‍ (38) എന്നിവരാണ് സൌദി സ്പോണ്‍സറുടെ അനാസ്ഥ കാരണം അഞ്ചര വര്‍ഷത്തിനു ശേഷവും നാട്ടില്‍ പോകാന്‍ കഴിയാതെ ലേബര്‍ കോടതിയില്‍ കേസുമായി കഴിയുന്നത്.

ടൈല്‍സ് മേസന്‍ ജോലിക്കായാണ് കോഴിക്കോട്ടുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം കൊടുത്ത് ഇവര്‍ വിസ വാങ്ങിയത്. ദറയ്യയില്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. റിയാദ് കേന്ദ്രമായ കമ്പനിക്ക് ജിദ്ദ, ജിസാന്‍, ദമ്മാം, അല്‍ഖോബാര്‍, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെല്ലാം ശാഖകളുണ്ട്. പണ്ട് 400 ല്‍ അധികം ആളുകള്‍ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇരുപതില്‍ താഴെ മാത്രമേയുള്ളു. ജോലിക്കാരോടുള്ള ക്രൂരമായ പെരുമാറ്റമാണ് ഇതിന് കാരണമെന്ന് രജീഷും ജയാനന്ദനും പറഞ്ഞു.

ഇതു വരെ വര്‍ക്ക് പെര്‍മിറ്റ് എടുത്ത് നല്‍കിയിട്ടില്ലാത്ത ഇവര്‍ 4 വര്‍ഷമായി നാട്ടില്‍ പോകാനായി അപേക്ഷിക്കുകയാണ്. രജീഷിന്റെ ഇഖാമ നാല് വര്‍ഷം മുന്‍പും ജയാനന്ദന്റേത് രണ്ട് വര്‍ഷം മുന്‍പും കാലാവധി തീര്‍ന്നതാണ്. 2012 ഫെബ്രവരിയില്‍ ഇവര്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കി. കേസ് വിളിച്ചാലും സ്പോണ്‍സര്‍ ഹാജരാകുന്നില്ല. ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന ഇവര്‍ യാത്രക്കൂലിയെങ്കിലും നല്‍കി നാട്ടിലയക്കാനാണ് കമ്പനി മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നത്. നീതിക്കായി ഇവര്‍ രണ്ട് വര്‍ഷമായി നിരന്തരം കോടതി കയറിയിറങ്ങുകയാണ്. ഒരു വര്‍ഷം മുന്‍പ് ഇവര്‍ അനുകൂലമായി വിധി നേടിയെടുത്തെങ്കിലും അത് നടപ്പാക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല.

ഇവരുടെ കേസ് പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ ബഷീര്‍ പാണക്കാടും ഇവര്‍ക്ക് സഹായങ്ങളുമായി രംഗത്തുണ്ട്. കമ്പനിയുടേയും സ്പോണ്‍സര്‍മാരുടേയും ഇത്തരം സമീപനങ്ങള്‍ മൂലം നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ റിയാദിലുണ്െടന്ന് ലത്തീഫ് തെച്ചി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമല്ല എന്ന അഭിപ്രായമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ളത്. ലത്തീഫ് തെച്ചിയോടൊപ്പം പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരായ മജീദ് വളാഞ്ചേരി, സലീഷ് മാസ്റ്റര്‍, ഷമീര്‍ പടനിലം, ജലീല്‍ കാവനൂര്‍ എന്നിവരും രജീഷിനേയും ജയാനന്ദനേയും സഹായിക്കാന്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍