ഷിക്കാഗോ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സാന്നിധ്യം; ഷാജന്‍ കുര്യാക്കോസ് ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ഥി
Thursday, November 6, 2014 7:20 AM IST
ഷിക്കാഗോ: ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, മറ്റ് വിവിധ സൌത്ത് ഏഷ്യക്കാര്‍, യഹൂദര്‍, യൂറോപ്പുകാര്‍ തുടങ്ങി അനേകം വിഭിന്ന സംസ്കാരങ്ങളുടെ ഉടമകളും ഭാഷകള്‍ സംസാരിക്കുന്നവരുമാണ് ഷിക്കാഗോയിലെ അമ്പതാം വാര്‍ഡിലെ ജനങ്ങള്‍. ആ വാര്‍ഡിലേക്ക് മലയാള പാരമ്പര്യമുള്ള ഷാജന്‍ കുര്യാക്കോസ് ആള്‍ഡര്‍മാന്‍ ആയി മത്സരിക്കുന്നു. ഷിക്കാഗോയുടെ പട്ടണപ്രാന്തപ്രദേശമായ നേപ്പര്‍വില്ലില്‍ ഒരു കാമ്പയിന്‍ ധനശേഖരണ മീറ്റിംഗില്‍ പിന്തുണ സംഘത്തോട് സംസാരിക്കുകയായിരുന്നു ഷാജന്‍. ബാല്യകാലം മുതലുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ സമ്പര്‍ക്കവും യശ്ശശരീരനായ മേയര്‍ ഹാരോള്‍ഡ് വാഷിംഗ്ടണ്‍ മുതല്‍ അടുത്തകാലത്ത് മേയര്‍ സ്ഥാനത്തുനിന്നും വിരമിച്ച റിച്ചാര്‍ഡ് ഡെയിലി വരെയുള്ള പ്രഗത്ഭ രാഷ്ട്രീയ പ്രതിഭകള്‍ക്കുവേണ്ടി വോട്ടര്‍ രജിസ്ട്രേഷനും ക്യാമ്പയിനും നടത്തിയുള്ള പരിചയവും, വിജയത്തിനു സാക്ഷ്യം നിന്നിട്ടുള്ള തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിജയരഹസ്യങ്ങളും പുതുമയല്ലെന്ന് ഷാജന്‍ അറിയിച്ചു.

ഷിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന ഷാജന്‍ കുര്യാക്കോസ് രാഷ്ട്രീയ രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്ന പരേതനായ കുര്യാക്കോസ് മാത്യു തെങ്ങുംമൂട്ടിലിന്റേയും, ഇപ്പോള്‍ നേപ്പര്‍വില്ലില്‍ താമസിക്കുന്ന മേരിക്കുട്ടി കുര്യാക്കോസിന്റേയും പുത്രനാണ്.

ബിസിനസില്‍ ബിരുദം നേടിയ ഷാജന്‍ സബ്വേ റെസ്റോറന്റ്, കാംകാസ്റ് സെയില്‍സ് മാനേജര്‍, റിയല്‍ എസ്റേറ്റ് ഡവലപ്മെന്റ് തുടങ്ങിയ ബിസിനസ് രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. ജെ.പി മോര്‍ഗന്‍ ചെയ്സ്, ബീമോ ഹാരിസ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം അമ്പതാം വാര്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പൌരന്മാരുടെ ആശങ്കകള്‍ അകറ്റാനും തന്നെ സഹായിക്കുമെന്ന് ആത്മവിശ്വാസത്തോടെ ഷാജന്‍ പറഞ്ഞു.

2015 ഫെബ്രുവരി 24-നാണ് ഷിക്കാഗോ ആള്‍ഡര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അവരുടെ ഭരണകാലാവധി നാലുവര്‍ഷമാണ്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ രജിസ്ട്രേഷന്‍ നടത്തുവാന്‍ 475 പൌരന്മാരുടെ ഒപ്പുകള്‍ ആവശ്യമാണ്. ഇപ്പോള്‍ 65-നുമേലേ ശേഖരിച്ചുകഴിഞ്ഞുവെന്നും നവംബര്‍ മാസം അവസാനിക്കുന്നതിനു മുമ്പായി 1000 ഒപ്പുകള്‍ നേടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ംംം.50വേംമൃറളീൃവെമഷമി.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ടോമി വെള്ളുക്കുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം