ഇന്ത്യാ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സമാപിച്ചു
Wednesday, November 5, 2014 5:08 AM IST
ഹൂസ്റണ്‍: ഇന്ത്യാ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമായി സമാപിച്ചു.

ഒക്ടോബര്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ നടന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലാണ് നടന്നത്.

വെളളി വൈകിട്ട് ഏഴിന് ഗീവര്‍ഗീസ് അരുപാല കോര്‍ എപ്പിസ്കോപ്പായുടെ പ്രാര്‍ഥനയോടുകൂടി കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഹൂസ്റണിലെ വിവിധ ഇടവകകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കണ്‍വന്‍ഷന്‍ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. മോഹന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തില്‍ 40 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.

എക്യുമെനിക്കല്‍ കമ്യൂണിറ്റി സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഫാ. എം.ടി. ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തി. ആല്‍ഫ വര്‍ഗീസ് ജോസഫ് മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.

മുഖ്യപ്രഭാഷകനായ വെരി. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പായെ സെന്റ് മേരീസ് സിറിയന്‍ യാക്കോബായ ചര്‍ച്ച് വികാരി റവ. ബിനു ജോസഫ് സദസിനു പരിചയപ്പെടുത്തി. തുടര്‍ന്ന് ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അനുഗ്രഹീതമായ ദൂത് നല്‍കി. സുവിശേഷ യോഗങ്ങള്‍ക്ക് കെ. ബി. കുരുവിള (പിആര്‍ഒ), റോയ് തോമസ് (വൈസ് പ്രസിഡന്റ്) തുടങ്ങിയ വൈദികര്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച നടന്ന യൂത്ത് ഫെലോഷിപ്പ് പ്രത്യേക യോഗത്തില്‍ ഫാ. ജേക്ക് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ റോബിന്‍ ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി