ഔഷധവില നിയന്ത്രണ ഉത്തരവ് പിന്‍വലിക്കാനുള്ള തീരുമാനം അപലപനീയം: പ്രവാസി സാംസ്കാരിക വേദി
Wednesday, November 5, 2014 5:05 AM IST
ജിദ്ദ: കാന്‍സര്‍, എച്ച്ഐവി, പ്രമേഹം, പേവിഷബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 108 അവശ്യമരുന്നുകളുടെ വില നിയന്ത്രണാധികാരം റദ്ദ് ചെയ്യാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം ഉടന്‍ പിവലിക്കണമെന്ന് പ്രവാസി സാംസ്കാരികവേദി ജിദ്ദ സെന്റ്ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

ഫാര്‍മസി ഡിപ്പാര്‍ട്ടുമെന്റിനു കീഴിലെ ദേശീയ മരുന്നു വില നിയന്ത്രണ അഥോറിറ്റി 2013 ല്‍ പുറത്തിറക്കിയ ഉത്തരവിലെ 19-ാം വകുപ്പാണ് തികച്ചും ജന വിരുദ്ധമായ നോട്ടിഫിക്കേഷനിലൂടെ റദ്ദ് ചെയ്യപ്പെട്ടത്. ഈ തീരുമാനം ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്നും മാരകരോഗങ്ങളും ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് പ്രയാസപ്പെടുന്ന രോഗികളെ പല തരത്തിലും ബാധിക്കുമെന്നും പ്രവാസി ജിദ്ദ വൈസ് പ്രസിഡന്റ് ഇസ്മായില്‍ കല്ലായി പ്രമേയത്തിലൂടെ ആഭിപ്രായപ്പെട്ടു.

നിലവില്‍ ഉപയോഗത്തിലുള്ള മരുന്നിന്റെ പുതിയ ചേരുവ പുതിയ പേരില്‍ പേറ്റന്റ് നേടുന്നത് തടയുന്ന 3ഡി വകുപ്പ് ഇതിലൂടെ ദുര്‍ബലമാവുകയും അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്ന് വില കുതിച്ചുയരുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാരിനു ഔഷധ വിപണിയില്‍ ഇടപെടാന്‍ സാധിക്കുമായിരുന്ന 92-ാം വകുപ്പ് ഇല്ലാതാകുന്നതോടെ മരുന്ന് വില നിയന്ത്രണാധികാരം തികച്ചും കുത്തക കമ്പനികളുടെ കൈയിലാകും. പുതിയ മരുന്ന് രജിസ്റര്‍ ചെയ്യുമ്പോള്‍ മരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്ന ഡാറ്റ എക്സ്ക്ളൂസിവിറ്റി കൂടി വരുന്നതോടെ മരുന്ന് കമ്പനികള്‍ക്ക് നിലവില്‍ പേറ്റന്റ് ഇല്ലാത്ത മരുന്നുകള്‍ക്ക് കൂടി കുത്തകാവകാശം ലഭിക്കുന്നു. ഇവയെല്ലാം ആരോഗ്യ മേഖലയില്‍ നാം നേടിയ നേട്ടങ്ങളെ പിറകോട്ടടിപ്പിക്കുമെന്നും പ്രമേയം അഭിപ്രായപ്പെട്ടു.

അതുപോലെ നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി നല്‍കിയ വായ്പക്ക് സാധാരണയിലും അധികം പലിശ ഈടാക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്ന പതിവ് രീതിയാണ് പ്രവാസികളുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. കുറഞ്ഞ പലിശയും സബ്സിഡിയുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. വായ്പയെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സബ്സിഡി ഇനത്തില്‍ ചില്ലിക്കാശ് പോലും കിട്ടിയിട്ടില്ല എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയെയാണ് അടയാളപ്പെടുത്തുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവാസി ജിദ്ദ പ്രസിഡന്റ് ശ്യാം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ഫസല്‍ കൊച്ചി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍