ആര്‍എസ്സി റിയാദ് സോണ്‍ സാഹിത്യോത്സവ് സമാപിച്ചു
Wednesday, November 5, 2014 4:58 AM IST
റിയാദ്: റിസാല സ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ സാഹിത്യോത്സവ് സമാപിച്ചു. സമാപനസമ്മേളനത്തിലെ സാംസ്കാരിക സദസ് ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്ന ഇത്തരം മത്സരപരിപാടികള്‍ പ്രോത്സാഹിപ്പിക്കാന്‍ മുഴുവന്‍ രക്ഷിതാക്കളും മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാരമ്പര്യ കലകളായ മാപ്പിളപ്പാട്ട്, ദഫ് മുട്ട് തുടങ്ങിയവയോടൊപ്പം പുതുതലമുറ ഇനങ്ങളായ പവ്വര്‍ പോയിന്റ് പ്രസന്റേഷന്‍, ഡോക്കുമെന്ററി എന്നിവയും സമന്വയിപ്പിച്ച് നടത്തുന്ന ആര്‍എസ്സി സാഹിത്യോത്സവില്‍ ഇന്ത്യന്‍ എംബസി സ്കൂളിലെ കുട്ടികളെ അടുത്ത വര്‍ഷം പരമാവധി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം സദസിന് വാഗ്ദാനം നല്‍കി.

പട്ടവും പരുന്തും എന്ന കഥ പറഞ്ഞ് അതിലെ ഗണപാഠം കുട്ടികളുമായി പങ്കു വച്ച കഥാകൃത്ത് റഫീഖ് പന്നിയങ്കര സദസിലെ കൊച്ചു കുട്ടികളെ ആകര്‍ഷിച്ചു. എത്ര ഉയരത്തില്‍ പറന്നാലും നമ്മെ നിയന്ത്രിക്കേണ്ടത് നമ്മുടെ അധ്യാപകരും രക്ഷിതാക്കളുമാണെന്ന് മറക്കരുതെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി ഷൈജല്‍, ആലിയ സ്കൂള്‍ വൈസ് പ്രന്‍സിപ്പല്‍ ഹമീദലി യഹ്യ, സേവ സ്കൂള്‍ അക്കാഡമിക് ഡയറക്ടര്‍ നൌഷാദ് യൂസഫ്, അബൂബക്കര്‍ അന്‍വരി, അബ്ദുള്‍ ജലീല്‍ വടകര, ഇബ്രാഹിം സുബ്ഹാന്‍, അലിക്കുഞ്ഞി മൌലവി, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ഡോ. സലാം ഉമര്‍, എന്‍ജിനിയര്‍ കബീര്‍ ചേളാരി, സലിം പട്ടുവം തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ കലാമേളയായ എസ്എസ്എഫ് സാഹിത്യോത്സവിന്റെ ചുവട് പിടിച്ച് നടത്തുന്ന ആര്‍എസ്സി സൌദി ദേശീയ സാഹിത്യോത്സവിന്റെ ഭാഗമായാണ് റിയാദ് സോണ്‍ സാഹിത്യോത്സവ് സംഘടിപ്പിച്ചത്.

35 യൂണിറ്റുകളില്‍ നടത്തിയ മത്സരങ്ങളില്‍ മാറ്റുരച്ച വിദ്യാര്‍ഥികള്‍ക്കായി വിവിധ സെക്ടറുകളില്‍ നടത്തിയ സാഹിത്യോത്സവില്‍ വിജയിച്ച 250ഓളം കുട്ടികളാണ് സോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബത്ഹ സെക്ടറിന് ജീപ്പാസ് ബിസിനസ് ഹെഡ് ഷംസുദ്ദീന്‍, രണ്ടാം സ്ഥാനക്കാരായ ബദിയ സെക്ടറിന് ഐസിഎഫ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സലാം വടകര എന്നിവര്‍ ട്രോഫികള്‍ നല്‍കി. വ്യക്തിഗത വിജയികള്‍ക്ക് അബ്ദുള്‍ ജലീല്‍, ഇഹ്തിശാം തലശേരി, ലുഖ്മാന്‍ പാഴൂര്‍, ഉമറുല്‍ ഫാറൂഖ് എന്നിവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സര വിജയികള്‍ നവംബര്‍ ഏഴിന് ജിദ്ദയില്‍ നടക്കുന്ന ആര്‍എസ്സി സൌദി ദേശീയ സാഹിത്യോത്സവില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍