പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ ഏഴിന് തുടക്കം കുറിക്കും
Wednesday, November 5, 2014 4:56 AM IST
കുവൈറ്റ്: കേരളത്തിന്റെ പൊതുവായ വികസന പ്രക്രിയയില്‍ പങ്കാളികളാകുക, പ്രോത്സാഹിപ്പിക്കുക, ഉപദേശ നിര്‍ദേശങ്ങള്‍ വഴി പങ്കുവഹിക്കുക, ആവശ്യമായ ഘട്ടങ്ങളില്‍ മൂലധന നിക്ഷേപം നടത്തുക എന്നീ പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ കുവൈറ്റിന്റെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമവിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍, മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് 2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റ്.

ജനപക്ഷ വികസനത്തില്‍ സാങ്കേതിക വിദഗ്ധരുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറോടുകൂടി പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

നവംബര്‍ ഏഴിന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബു ഹലീഫ ഷേയ്ഖ് അല്‍ബദര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുന്‍ കേരള ധനകാര്യമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്ക് എംഎല്‍എയുടെ പ്രഭാഷണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളായ വിനോദ് എ.പി നായര്‍ 69949331, അനില്‍കുമാര്‍ 94066192, കെ. വിനോദ് 96604901 എന്നിവരെ സമീപിക്കുക.

പത്രസമ്മേളനത്തില്‍ വിനോദ് എ.പി നായര്‍, അനില്‍കുമാര്‍, രാജഗോപാല്‍, കെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്