ആര്‍എസ്സി നാഷണല്‍ സാഹിത്യോത്സവ്: ഷാര്‍ജ സോണ്‍ ജേതാക്കളായി
Tuesday, November 4, 2014 8:55 AM IST
അബുദാബി: റിസാല സ്റഡി സര്‍ക്കിള്‍ ആറാമത് നാഷണല്‍ സാഹിത്യോത്സവില്‍ ഷാര്‍ജ സോണ്‍ ജേതാക്കളായി. മുസഫ മലയാളി സമാജത്തില്‍ ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 238 പോയിന്റുകളുമായാണ് ഷാര്‍ജ ഓവറോള്‍ ചാമ്പ്യന്മാരായത്.

208 പോയിന്റുകളുമായി ആതിഥേയരായ അബുദാബി രണ്ടാം സ്ഥാനവും 143 പോയിന്റ് നേടി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ദുബായ് സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷാര്‍ജ സോണിലെ സുഹൈല്‍ സാദിഖ് വ്യക്തിഗത ഇനങ്ങളില്‍ 22 പോയിന്റ് നേടി കലാ പ്രതിഭ പട്ടം നേടി.

സോണ്‍ തല മത്സരങ്ങള്‍ക്ക് ശേഷം 10 ടീമുകളാണ് ദേശീയ സാഹിത്യോത്സവില്‍ മാറ്റുരച്ചത്. ഇതോടെ 2014 ലെ സാഹിത്യോത്സവുകള്‍ക്ക് യുഎഇ യില്‍ സമാപനമായി.

നാഷണല്‍ സാഹിത്യോത്സവ് ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുള്‍ ഹകീം ഉദ്ഘാടനം ചെയ്തു. പൌരാണിക നഗരങ്ങളുടെ നാമഥേയത്തില്‍ സജ്ജീകരിച്ച ആറ് വേദികളിലായാണ് ഇത്തവണ മത്സരങ്ങള്‍ അരങ്ങേറിയത്. രാവിലെ 8.30ന് ആരംഭിച്ച കലാ - സാഹിത്യ മത്സരങ്ങള്‍ വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് വേദികളായ കൊര്‍ദോവയിലും ബുഖാറയിലും പൊന്നാനിയിലും നടന്ന മാപ്പിള പാട്ട്, ദഫ്മുട്ട്, പവര്‍പോയിന്റ് പ്രസന്റേഷന്‍, മാലപ്പാട്ട്, ബുര്‍ദ, മദ്ഹ് ഗാനം, വിവിധ ഭാഷ പ്രസംഗങ്ങള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ സദസ്യര്‍ക്ക് നവ്യാനുഭവമായി. സ്റേജിതര മത്സരങ്ങളായ കഥ-കവിത രചനകള്‍, സ്പോട്ട് മാഗസിന്‍ നിര്‍മാണം, ജലഛായം, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയവ നാല് അഞ്ച്, ആറ് വേദികളിലായാണ് നടന്നത്.

യുഎഇയിലെ മദ്രസകളിലെ അഞ്ച്, ഏഴ്, പത്ത് ക്ളാസുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സാജിദ ഉമര്‍ ഹാജി അവാര്‍ഡ് കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഇ.പി അബ്ദുള്‍ മജീദ്, മുനീര്‍ പാണ്ട്യാല എന്നിവര്‍ വിതരണം ചെയ്തു.

2015 ലെ സാഹിത്യോത്സവ് വേദി പ്രഖ്യാപനവും ലോഗോ കൈമാറ്റവും ചടങ്ങില്‍ നടന്നു. എല്ലാ എമിറേറ്റുകളിലെയും സ്കൂളുകളില്‍ വിതരണം ചെയ്ത കിഡ്സ് ഷീറ്റിലൂടെ വിജയിച്ച 60 വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ നല്‍കി.

വൈകുന്നേരം നടന്ന സമാപന സംഗമം യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ശബീര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഐസിഎഫ് ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുള്‍ അസീസ് സഖാഫി, സാജിദ ഗ്രൂപ്പ് എംഡി അന്‍വര്‍ ഉമ്മര്‍, പി.വി. അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറസാഖ് മാറഞ്ചേരി, കാസിം പുറ ത്തീല്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. ആര്‍.എസ്.സി. ഗള്‍ഫ് കൌണ്‍സില്‍ കണ്‍വീനര്‍ അലി അക്ബര്‍ സന്ദേശ പ്രഭാഷണം നടത്തി. യുഎഇ എക്സ്ചേഞ്ച് ഗ്ളോബല്‍ സിഇഒ വൈ. സുധീര്‍ കമാര്‍ ഷെട്ടി, ഫാത്തിമ ഗ്രൂപ്പ് ഡയറക്ടര്‍ ഇ.പി. അബ്ദുള്‍ മജീദ്, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, സി.എം.എ കബീര്‍ മാസ്റര്‍, ബസ്വീര്‍ സഖാഫി, അഷ്റഫ് മന്ന, ഷരീഫ് കാരശേരി, അബ്ദുള്‍ ഹയ്യ് അഹ്സനി, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഐഎസ്സി സെക്രട്ടറി വിനോദ് ഷാജഹാന്‍ ഒയാസിസ് ഗ്രൂപ്പ്, ഹമീദ് സഅദി ഈശ്വരംഗലം തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹമീദ് പരപ്പ സ്വാഗതവും കബീര്‍ കെ.സി. നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള