കുവൈറ്റില്‍ ചികിത്സാ ഫീസുകള്‍ വര്‍ധിപ്പിക്കുന്നു
Tuesday, November 4, 2014 8:53 AM IST
കുവൈറ്റ്: അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളില്‍ വിദേശികള്‍ക്ക് 15 ശതമാനം ചികിത്സാ ഫീസ് വര്‍ധിപ്പിക്കുവാന്‍ ആരോഗ്യ മന്ത്രാലയത്തിന് വിദഗ്ധ പഠനസമിതി ശിപാര്‍ശ സമര്‍പ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രാലയം വിവിധ പഠന സമിതികളെ നിയോഗിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലേതിനേക്കാള്‍ ഏറെ കുറഞ്ഞ നിരക്കാണ് സര്‍ക്കാര്‍ ക്ളിനിക്കുകളിലും ആശുപത്രികളിലും വിദേശികളില്‍നിന്ന് ഈടാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണം. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ നിരക്കിളവ് അനുവദിക്കാവൂ എന്ന് സമിതി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യമന്ത്രിയുടെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കും. വിദേശികളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശികള്‍ക്ക് മാത്രമായി മൂന്ന് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വികസന സമിതി ചികിത്സ നിരക്ക് വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ മുന്നോട്ടുവച്ചിരിക്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ വിദേശികള്‍ അടയ്ക്കേണ്ട വാര്‍ഷിക ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയം മൂന്നിരട്ടിയോളം വര്‍ധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് കൂനിന്മേല്‍ കുരു പോലെ ചികിത്സാ നിരക്ക് വര്‍ധനയുമത്തുെന്നത്. നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായാല്‍ മലയാളികളടക്കമുള്ള സാധാരണ പ്രവാസികള്‍ക്ക് ഏറെ പ്രയാസകരമാവും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍