റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് വിദേശ എംബസികളില്‍ തൊഴില്‍ വകുപ്പിന്റെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും: തൊഴില്‍ മന്ത്രി
Tuesday, November 4, 2014 8:48 AM IST
ദമാം: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മേല്‍ നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി വിദേശ രാജ്യങ്ങളിലെ സൌദി എംബസികളില്‍ സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗത്തെ നിശ്ചയിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില്‍ ഫഖീഹ് അറിയിച്ചു.

സൌദി മന്ത്രിസഭാ ഇതുസംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ട്. കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജങ്ങളിലുള്ള എംബസിയിലാണ് പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. ഏഴാമത് സൌദി ടെക്നിക്കല്‍ എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യമേഖലിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം നാലു വര്‍ഷം മുമ്പുള്ള അവസ്ഥയെക്കാള്‍ നൂറു ശതമാനം വര്‍ധിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതില്‍ നിന്നും 7 ലക്ഷത്തി അമ്പതിനായിരം പേര്‍ വര്‍ധിച്ചിട്ടുണ്ട്.

വിദേശ ജോലിക്കാരെ സംരക്ഷിക്കുന്നതിലും അവരുടെ അവകാശങ്ങളിലും വീഴ്ച വരുത്തുന്നതായി അമേരിക്കന്‍ അധികൃതരുടെ ആക്ഷേപം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇതുസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് അന്താരാഷ്ട്ര തൊഴില്‍ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നടപടികള്‍ അടുത്തിടെയായി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

സ്വദേശി യുവാക്കളെ വിവിധ സാങ്കേതിവിദ്യകളില്‍ പരിശീലനം നല്‍കി പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപെട്ട സൌദി ടെക്നിക്കല്‍ എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അമേരിക്ക, കൊറിയ, യുകെ, ജര്‍മന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍പങ്കെടുക്കുന്നുണ്ട്. സാങ്കേതിക മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള നിരവധി പ്രബന്ധങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും. സൌദിയിലെ വിവിധ ഗവണ്‍മെന്റ് വകുപ്പുകളും സ്വകാര്യ വകുപ്പുകളും പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം