സ്വകാര്യ മേഖലയിലും വാരാന്ത്യ അവധി രണ്ടു ദിവസം: തൊഴില്‍ മന്ത്രി
Tuesday, November 4, 2014 8:48 AM IST
ദമാം: സൌദിയിലെ സ്വകാര്യ മേഖലയിലും വാരാന്ത്യ അവധി രണ്ടു ദിവസം ആക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായി. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം മന്ത്രിസഭക്ക് മുമ്പാകെ ഉടന്‍ സമര്‍പ്പിക്കുമെന്ന് തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില്‍ ഫഖീഹ് അറിയിച്ചു.

സൌദിയിലെ ഗവണ്‍മെന്റ് മേഖലയില്‍ വാരാന്ത്യ അവധി രണ്ടു ദിവസമാണ്. സ്വകാര്യമേഖലയിലും ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ചു പഠനം നടത്തിയത്. സ്വകാര്യ മേഖലയിലും ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതിനെ ശൂറാ കൌണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്.

അതേസമയം സ്വകാര്യ മേഖലയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതിനെതിരെ സൌദി വാണിജ്യ, വ്യവസായ മേഘലയില്‍നിന്നും വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സേവന ഉത്പാദന മേഘലയില്‍ ഇത് ചെലവ് കൂടാന്‍ ഇടയാക്കുമെന്നാണ് അവരുടെ ആശങ്ക. സ്വകാര്യമേഖലയില്‍ വാരാന്ത്യ അവധി രണ്ടു ദിവസം ആക്കാനുള്ള നീക്കത്തിനെതിരെ സൌദി ചേംബര്‍ ഓഫ് കൊമേഴ്സും പരസ്യമായി രംഗത്തുവന്നിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം