ഏകദിന പഠനക്യാമ്പ് ശ്രദ്ധേയമായി
Monday, November 3, 2014 1:31 PM IST
റിയാദ്: സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഫ്രന്റ്സ് ക്രിയേഷന്‍സ് സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ശ്രദ്ധേയമായി.

റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐടി വിദഗ്ധനും പിഎംസി ഐടി സൊലൂഷന്‍ മാനേജരുമായ മെഹ്റൂഫ് പൂളമണ്ണ ക്ളാസെടുത്തു. ഐടി മേഖലയിലും സോഷ്യല്‍ നെറ്റുവര്‍ക്ക് മീഡിയാ രംഗത്തുമുള്ള ചതിക്കുഴികളില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാന്‍ ഓരോ രക്ഷിതാക്കളും ഐടി വിദഗ്ധരാവേണ്ടതുണ്െടന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ആസൂത്രണവും പ്രവാസികളും എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുസ്തഫ കാസിം ക്ളാസെടുത്തു. യാതൊരു മുന്‍പരിചയവുമില്ലാത്ത, നാട്ടില്‍ നിന്നെത്തുന്ന ബിസിനസ് സംരംഭങ്ങളിലേക്ക് കോടികള്‍ നിക്ഷേപിച്ച് വഞ്ചിക്കപ്പെടുന്ന പ്രവാസികള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലെ നിക്ഷേപ പദ്ധതികളുടെ നിജസ്ഥിതി അറിയാവുന്നതാണെന്നും മുസ്തഫ കാസിം വ്യക്തമാക്കി.

സ്വന്തം മക്കളോട് തികഞ്ഞ സൌഹൃദത്തോടെ അടുത്തിടപഴകുവാനും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനും രക്ഷിതാക്കള്‍ തയാറാവണമെന്ന് കാരിയര്‍ പ്ളാനിംഗ് എന്ന വിഷയത്തില്‍ സംസാരിച്ച കിംഗ് സൌദ് യൂണിവേഴ്സിറ്റിയിലെ ഡോ. അബ്ദുള്‍ സലാം വ്യക്തമാക്കി.

സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ അബ്ഷീര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് ഷക്കീബ് കൊളക്കാടന്‍ ക്ളാസെടുത്തു. എല്ലാ വിദേശികളും സ്വദേശികളും അറിഞ്ഞിരിക്കേണ്ട അബ്ഷീര്‍ സേവനങ്ങള്‍ മുഴുവന്‍ മലയാളി സമൂഹത്തിലേക്കും എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം സാമൂഹ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സംഘടനകളും സൌദി ശരീഅത്ത് നിയമങ്ങളും എന്ന വിഷയത്തില്‍ ദമാം കോടതിയിലെ മലയാളി ഉദ്യോഗസ്ഥന്‍ മുഹമ്മദ് നജാത്തി പ്രസംഗിച്ചു. കുറ്റകൃത്യങ്ങളില്‍ മലയാളികള്‍ ഇതര വിദേശ രാജ്യക്കാരെ പിന്നിലാക്കി സ്വദേശികളുടെ മനസില്‍ മലയാളി സമൂഹത്തെകുറിച്ച് മോശമായ ചിത്രമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഓരോ കുറ്റകൃത്യങ്ങള്‍ക്കും ശരീഅത്ത് കോടതികള്‍ നല്‍കുന്ന കഠിനമായ ശിക്ഷാവിധികള്‍ സാമൂഹ്യ സുരക്ഷിതത്വത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ക്ക റൂട്ട്സ് പ്രവാസി സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം സിറ്റി ഫ്ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമദ്കോയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. കേരളൈറ്റ്സ് ബിസിനസ് ഫോറം ചെയര്‍മാനും ക്ളിക്കോണ്‍ മാനേജിംഗ് ഡയറക്ടറുമായ നാസര്‍ അബൂബക്കര്‍ വിശിഷ്ടാതിഥി ആയിരുന്നു. സാറാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനീഷ് ടി.പി, പാരഗണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ മുസ്ലിയാരകത്ത്, മെഹ്റൂഫ് പൂളമണ്ണ, ന്യൂ സഫാമക്ക എഡിഎം നാസര്‍ മാസ്റര്‍, മുജീബ് പി.സി. ബാഹര്‍ അഹമദ് മേലാറ്റൂര്‍ നവോദയ, കെആര്‍എഫ് കണ്‍വീനര്‍ അഷ്റഫ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

മുപ്പത്തിയഞ്ച് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഭരതന് യോഗം യാത്രയയപ്പ് നല്‍കി. ഭരതനുള്ള ഉപഹാരങ്ങള്‍ അഹമദ്കോയ സാഹിബ് സമ്മാനിച്ചു.

തുടര്‍ന്നു നടന്ന ജയ്ഹിന്ദ് ടിവി മയില്‍പ്പീലി റിയാലിറ്റിഷോ സീസണ്‍ രണ്ടിന്റെ ഒന്നാം റൌണ്ട് മത്സരങ്ങളില്‍ പതിനഞ്ചോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ജൂണിയര്‍, സീനിയര്‍, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി നടന്ന മത്സരത്തില്‍ മുസ്ലിം ഭക്തിഗാനങ്ങളാണ് മത്സരാര്‍ഥികള്‍ ആലപിച്ചത്. അതിഥികളായി എത്തിയ റിയാദിലെ പ്രമുഖ ഗായകര്‍ ഹസ്ന അബ്ദുള്‍ സലാം, ഹന അബ്ദുള്‍സലാം, ഹിബ ബഷീര്‍, ചീറോസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ നാസര്‍ അബൂബക്കര്‍ സമ്മാനിച്ചു.

മുഹമ്മദലി കൂടാളി സ്വാഗതവും അര്‍ഷദ് മാച്ചേരി നന്ദിയും പറഞ്ഞു. നവാസ് വെള്ളിമാടുകുന്ന്, ഉബൈദ് എടവണ്ണ, ജലീല്‍ ആലപ്പുഴ, ജയകൃഷ്ണന്‍, ഷഫീഖ് കിനാലൂര്‍, ഹാഷിം പാപ്പി നിശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍