കേരളപിറവി ദിനത്തില്‍ റിയ അനാഥര്‍ക്ക് വസ്ത്രം നല്‍കി
Monday, November 3, 2014 10:21 AM IST
റിയാദ്: കേരളപിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അശരണര്‍ക്കായി നടത്തിയ വസ്ത്രശേഖരണത്തില്‍ ലഭിച്ച വസ്ത്രങ്ങള്‍ കൊട്ടാരക്കരയിലെ ആശ്രയ അനാഥമന്ദിരത്തിലെത്തിച്ചു.

ഷാജഹാന്‍ മുന്‍കൈ എടുത്ത് റിയയുടെ അംഗങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് ബത്ഹയിലെ അറബ്സാസ് കാര്‍ഗോ മാര്‍ക്കറ്റിംഗ് മാനേജര്‍ രാജു തൃശൂരിന്റെയും രഞ്ജിത്തിന്റെയും സഹകരണത്തോടെ കൊട്ടാരക്കര കലയപുരത്തുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായ ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയയിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനും അത് ചിട്ടയോടെ പായ്ക്ക് ചെയ്യുന്നതിനുമായി റിയ പ്രസിഡന്റ് നസീര്‍ കുംബശേരി, സെക്രട്ടറിയായ ബിനു ധര്‍മരാജന്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ശിവകുമാര്‍, ബത്ഹ യൂണിറ്റ് കണ്‍വീനര്‍ രാജേഷ് ഫ്രാന്‍സിസ്, ബാബുരാജ്, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍