ന്യൂയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐഎപിസി) ഉദ്ഘാടനം നവംബര്‍ 15 ന്
Monday, November 3, 2014 10:17 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐഎപിസി) ഉദ്ഘാടനത്തിനും ഏകദിന സെമിനാറിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമസമൂഹത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രസ്ക്ളബ് ഭാരവാഹികള്‍.

നവംബര്‍ 15 ന് (ശനി) ന്യൂജേഴ്സിയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് രണ്ടുവിശദമായ ക്ളാസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹാക്കിന്റെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്കുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഇന്ത്യന്‍ വിദേശ ഫോട്ടോഗ്രഫര്‍ പരേഷ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. ലീഗല്‍ ആസ്പെക്ട്സ് ആന്‍ഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ആനന്ദ് അഹൂജയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസും നടത്തും.

റിസ്ക് മാനേജ്മെന്റ് ഓഫ് ജേര്‍ണലിസ്റ് എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഈശോ ജേക്കബിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപരമായ യോഗത്തിലാണ് പ്രസ്ക്ളബ് രൂപീകൃതമായത്. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം തന്നെ പ്രസ്ക്ളബ് കാഴ്ചവച്ചത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം