സ്റുഡന്റ്സ് ഇന്ത്യാ വ്യക്തിത്വ വികസന ക്ളാസ് സംഘടിപ്പിച്ചു
Monday, November 3, 2014 8:28 AM IST
ദമാം: സ്റുഡന്റ്സ് ഇന്ത്യാ ദമാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടീന്‍സ് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന ക്ളാസ് സംഘടിപ്പിച്ചു. സ്റുഡന്റ്സ് ഇന്ത്യാ മെന്ററും സിജി ദമാം പ്രസിഡന്റുമായ റഷീദ് ഉമര്‍ മുഖ്യ സെഷനില്‍ കുട്ടികളുമായി സംവദിച്ചു.

വ്യക്തിത്വമെന്നത് പുറം പ്രകടനമല്ലെന്നും നന്നായി സംസാരിക്കാന്‍ കഴിയും എന്നതോ, മറ്റുള്ളവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതോ മാത്രം അതിന്റെ നിദാനമായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തിയും ദൌര്‍ബല്യവും സ്വയം തിരിച്ചറിഞ്ഞു വേണം എല്ലാ രംഗത്തും മുന്നേറാന്‍ ശ്രമിക്കേണ്ടത്. ജീവിത വിജയത്തിന് ലക്ഷ്യങ്ങള്‍ നിര്‍ണയിക്കേണ്ടത് അനിവാര്യമാണ്. വ്യക്തിപരവും സാമൂഹ്യപരവും ആത്യന്തികവുമായ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചു മുന്നോട്ട് പോകുന്നവര്‍ക്ക് വ്യക്തിത്വവികാസം സാധ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലേക്ക് നയിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങളും വീഡിയോ സഹായത്തോടെ അദ്ദേഹം കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ചു നല്‍കി.

തുടര്‍ന്നു പ്രസംഗിച്ച എം. ഷിയാസ് തെറ്റി ധരിപ്പിക്കപെടുന്ന ന്യൂ ജനറേഷന്‍ സംസ്കാരത്തിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി. ബോയ്സ് കാപ്റ്റന്‍ അദ്നാന്‍ സഗീര്‍ സ്വാഗതം പറഞ്ഞു. ഇബ ശരീഫ് ഗാനം ആലപിച്ചു. അയ്മന്‍ ഹാദി ഖിറാഅത്ത് നടത്തി. സ്റുഡന്റ്സ് ഇന്ത്യാ ഗേള്‍സ് വിഭാഗം ക്യാപ്റ്റന്‍ സുമയ്യ സാദിക്ക് നന്ദി പറഞ്ഞു. എം.പി ഷബീര്‍, മുംതാജ് ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം